തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ മരിച്ച ദമ്പതികള്‍ക്കുണ്ടായിരുന്നത് രണ്ടു കോടിയിലധികം രൂപയുടെ കടബാധ്യത. കരമന സ്വദേശികളായ സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സതീശൻ കഴുത്തറുത്തും ബിന്ദു തൂങ്ങി മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നൽകും. സതീഷിനും കുടുംബത്തിനും വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു എന്ന് സതീഷിന്‍റെ സഹോദരൻ ശിവൻകുട്ടി പറഞ്ഞു. സതീഷ് കോൺട്രാക്ടറായിരുന്നു.
കോടികളുടെ കടബാധ്യത കുടുംബത്തിനുണ്ടായിരുന്നു. മൂന്ന് തവണ ജപ്തി ചെയ്യാൻ ബാങ്കിൽ നിന്ന് ആള് വന്നിരുന്നു. കടബാധ്യത വന്നതോടെ ഓട്ടോ ഓടിക്കുകയായിരുന്നു സതീഷ്. ബിന്ദുവിന്‍റെ സഹോദരൻ വന്ന് വിളിച്ചിട്ടും വിളികേൾക്കാത്തതുകൊണ്ടാണ് ഞങ്ങൾ വന്നുനോക്കിയത്. അപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയതെന്നും സഹോദരൻ ശിവൻകുട്ടി പറഞ്ഞു. എസ്ബിഐ ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
2.30 കോടി അടയ്ക്കണമെന്നാണ് ബാങ്ക് പറഞ്ഞിരുന്നത്. ദേവസ്വം ബോര്‍ഡിന്‍റെയും കോര്‍പ്പറേഷന്‍റെയുമടക്കമുള്ള വലിയ കരാറുകള്‍ ഏറ്റെടുത്ത് നടത്തുന്നയാളായിരുന്നു സതീഷ്. അനാരോഗ്യത്തെ തുടര്‍ന്ന് കോണ്‍ട്രാക്ട് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നിരുന്നു.
മൂന്നുതവണ ജപ്തി ചെയ്യാനായി ബാങ്ക് മാനേജറടക്കം വന്നിരുന്നു. തിരിച്ചടയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജപ്തി ഭീഷണി നിലനിൽക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കളടക്കം ചേര്‍ന്ന് 80 ലക്ഷം രൂപ ബാങ്കിൽ അടയ്ക്കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ, ബാങ്കിൽ നിന്ന് സമ്മര്‍ദം തുടരുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു.