കട്ടപ്പന: യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തിയ പൊലീസ് കണ്ടെത്തിയത് ക്രൂരമായ കൊലപാതം. യുവാവിനെ കാണാനില്ലെന്ന പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് സംഘം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. നെറ്റിത്തൊഴു മണിയൻ പെട്ടിയിൽ താമസിക്കുന്ന സത്യവിലാസം വീട്ടിൽ പവൻരാജ് മകൻ രാജ്കുമാറിനെ (18) കാണാനില്ലെന്ന പരാതിയാണ് കൊലപാതകമാണെന്നു തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അയൽ വാസിയായ പ്രവീൺ കുമാറിനെ കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ പതിനാലിനായിരുന്നു കേസിനാസ്പദമായ സംഭവം. മകൻ രാജ്കുമാറിനെ കാണാനില്ലെന്നു കാട്ടി പിതാവ് പവൻരാജ് കട്ടപ്പന ഡിവൈ.എസ്.പി നിഷാദ് മോന് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയായ പ്രവീൺകുമാറിനൊപ്പമാണ് രാജ്കുമാർ പോയതെന്ന്് കണ്ടെത്തി. തുടർന്നു, ജില്ലാ പൊലീസ് മേധാവി കറുപ്പസ്വാമിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കേരളാ തമിഴ്‌നാട് അതിർത്തിയിൽ തമിഴ്‌നാട് വനത്തിനുള്ളിൽ രാജ്കുമാറിന്റെ ബോഡി കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രിയ അന്വേഷത്തിൽ പ്രതി മണിയംപെട്ടി സ്വദേശി പ്രവീൺ കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കഥ പുറത്തു വന്നത്. പ്രതിയുടെ സഹോദരിയും കൊല്ലപ്പട്ട രാജ്കുമാറും തമ്മിൽ ഉള്ള അവിഹിത ബന്ധം പ്രവീൺ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് രാജ്കുമാറിനോടു പ്രവീണിനു കടുത്ത വൈരാഗ്യം ഉണ്ടായതായി പൊലീസ് പറയുന്നു. ഇതേ തുടർന്നു രാജ്കുമാറിനെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.
കൊലപാതകം നടന്ന 14 ന് രാവിലെ മണിയംപെട്ടിയിലുള്ള ഗ്രൗണ്ടിൽ വച്ച് ഇരുവരും കണ്ടു മുട്ടി. തുടർന്ന്, നെറ്റിത്തൊഴുവിലുള്ള ബിവറേജിൽ നിന്നും മദ്യം വാങ്ങി. പിന്നീട്, തമിഴ് നാട് വനത്തിൽ ചെന്ന് ഇരുവരും മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു. നല്ല പോലെ പൂസായ രാജ്കുമാറിനെ പ്രവീൺ തന്റെ കൈയ്യിൽ കരുതിയിരുന്ന മാരക വിഷം മദ്യത്തിൽ കലർത്തി നൽകി. തുടർന്ന്, ബലമായി രാജ്കുമാറിനെ മദ്യം കുടിപ്പിക്കുകയായിരുന്നു.
തുടർന്ന് അസ്വസ്ഥനായ രാജ്കുമാർ, ഇവിടെ നിന്നും ഓടിരക്ഷപെടാൻ കാനന പാതയിലൂടെ മുന്നോട്ട് ഓടി. എന്നാൽ,
രാജ്കമാറിനെ പിൻതുടർന്ന് എത്തിയ പ്രവീൺ ഇടയ്ക്ക് തടഞ്ഞ് നിർത്തി. പാറപ്പുറത്ത് അവശനിലയിൽ വീണ രാജ്കുമാറിന്റെ മരണം ഉറപ്പ് വരുത്തുന്നതു വരെ ഇവിടെ കാവൽ നിൽക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. തുടർന്ന്, വീട്ടിലെത്തി ആരോടും ഒന്നും പറയാതെ രഹസ്യമായി എല്ലാം വയ്ക്കുകയായിരുന്നു. 12 മണിക്കൂർ നീണ്ടു നിന്ന പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് സംഘം കുടുക്കിയത്.
കട്ടപ്പന ഡിവൈ.എസ്.പി വി എ നിഷാദ് മോന്റെ ഒപ്പം വണ്ടൻമേട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ നവാസ് , കട്ടപ്പന ഡിവൈ.എസ്.പി യുടെ സ്‌പെഷ്യൽ ടീം അംഗങ്ങളായ എസ്.ഐ മാരായ സജിമോൻ ജോസഫ്, ബാബു എം, സിവിൽ പൊലീസ് ഓഫിസർമാരായ മാരായ ടോണി ജോൺ , വി.കെ അനീഷ് , ജോബിൻ ജോസ്, സുബിൻ പി.എസ് , ശ്രീകുമാർ വണ്ടൻമേട് എസ്.ഐ മാരായ എബി ജോർജ് , ഡിജു , റജി കുര്യൻ, ജെയിസ്, മഹേഷ് സിവിൽ പൊലീസ് ഓഫിസർമാരായ ബാബുരാജ്, റാൾസ് , ഷിജുമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.