ടെൽഅവീവ്: നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം. ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം മേധാവിയെയും ഉപമേധാവിയെയും വധിച്ചുള്ള ഇസ്രയേൽ ആക്രമണത്തിൽ ഞെട്ടിയിരിക്കുകയാണ് ഇറാൻ. ഇറാനിൽ നടന്ന ആക്രമണങ്ങളിൽ മരണം 224 ആയി. രണ്ടായിരം പേർക്ക് പരിക്കേറ്റതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം ഇസ്രയേലിന്റെ തുറമുഖ നഗരമായ ഹൈഫയിൽ വീണ്ടും ഇറാൻ മിസൈൽ ആക്രമണം നടത്തി.
വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇസ്രയേലിൽ ആകെ മരണം 13 ആയി. ടെൽ അവീവ്, ജെറുസലേം നഗരങ്ങളിലും കനത്ത ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇറാന്‍റെ ആക്രമണത്തിൽ ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ തകർന്നു. 35 പേരെ കാണാതായി. പശ്ചിമേഷ്യയെ മുൾമുനയിൽനിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം രൂക്ഷമാവുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാന്‍റെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇതുവരെ ഭേദിച്ചതിൽ ഏറ്റവും ദൈർഘ്യമേറിയ ലക്ഷ്യമാണത്. അതിനിടെ ടെഹ്റാന്റെ വ്യോമാതിർത്തിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേൽ നേരത്തെ അവകാശപ്പെട്ടിരുന്നു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്നാണ് ഇസ്രയേൽ മുന്നറിയിപ്പെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇസ്രയേലിന്‍റെ അവകാശവാദത്തോട് ഇറാൻ ഇനിയും പ്രതികരിച്ചിട്ടില്ല.