ടെഹ്റാൻ/ഇസ്ലാമാബാദ്: പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്ന് അവകാശപ്പെട്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ. ഇസ്രായേൽ ഇറാനെതിരെ ആണവായുധങ്ങൾ ഉപയോഗിച്ചാൽ പാകിസ്ഥാൻ ഇസ്രായേലിനെതിരെ ആണവാക്രമണം നടത്തുമെന്നാണ് ഈ ഉദ്യോഗസ്ഥൻ പറഞ്ഞത്. എന്നാൽ, പാകിസ്ഥാൻ ഈ പ്രസ്താവന ഉടൻ തള്ളിപ്പറഞ്ഞു.
ഇസ്രായേൽ ഇറാനിൽ ആണവ ബോംബ് ഉപയോഗിക്കുകയാണെങ്കിൽ, പാകിസ്ഥാൻ ഇസ്രായേലിനെതിരെ ഒരു ആണവ ബോംബ് പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞിട്ടുണ്ട് എന്നാണ് ഐആർജിസി കമാൻഡറും ഇറാനിലെ ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ ജനറൽ മൊഹ്‌സെൻ റെസായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞത്. ഇറാനും ഇസ്രായേലും തമ്മിൽ മിസൈൽ ആക്രമണങ്ങളും കൂടുതൽ സംഘർഷ ഭീഷണികളും നടക്കുന്നതിനിടെയാണ് ഈ പ്രസ്താവനകൾ വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഈ വാദം തള്ളിക്കളഞ്ഞു. ഇസ്ലാമാബാദ് അങ്ങനെയൊരു വാക്കും നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആണവ തിരിച്ചടിയെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഇസ്ലാമാബാദ് തള്ളിക്കളഞ്ഞുവെങ്കിലും, ഇസ്രായേലുമായുള്ള വിശാലമായ ഏറ്റുമുട്ടലിൽ ഇറാനോട് തുറന്ന പിന്തുണയാണ് പാകിസ്ഥാൻ പ്രകടിപ്പിച്ചിട്ടുള്ളത്.
എല്ലാ മുസ്ലീം രാജ്യങ്ങളും ഇസ്രയേൽ ആക്രമണത്തിനെതിരെ ഒന്നിക്കണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ് പറഞ്ഞിരുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ എല്ലാ രീതിയിലും ഇറാനോടൊപ്പം നിൽക്കുന്നുവെന്ന് ഖവാജ ആസിഫ് പറഞ്ഞു. ഇറാനിയൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇറാനികൾ സഹോദരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രയേൽ ഇറാനെ മാത്രമല്ല, യെമനെയും പലസ്തീനെയും ലക്ഷ്യമിടുകയാണ്. മുസ്ലീം ലോകത്തിന്‍റെ ഐക്യം നിർണായകമാണെന്നും ഖവാജ ആസിഫ് പറഞ്ഞു. നിശബ്ധരും അനൈക്യരും ആയിരുന്നാൽ ഒടുവിൽ എല്ലാവരും ലക്ഷ്യമിടപ്പെടും. ഇസ്രയേലിന്‍റെ ഇറാനെതിരെയുള്ള നീക്കത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷൻ (OIC) യോഗം വിളിക്കണമെന്നും ഖവാജ ആസിഫ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.