വൈക്കം: ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിക്ക് ജന്മനാട്ടിൽ പുരോഗമന കലാസാഹിത്യ സംഘവും വൈക്കം പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയും ചേർന്ന് ആദരം ഒരുക്കി. കലാമൂല്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യാതെ തന്നെ സാമ്പത്തിക ലാഭമുള്ള സിനിമകൾ സംവിധാനം ചെയ്യുന്നതിൽ വൈക്കം സ്വദേശിയായ തരുൺ മൂർത്തി പ്രാഗത്ഭ്യo തെളിയിച്ചു. വൈക്കത്തെ കലാപാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നു വരുന്ന തരുൺ മൂർത്തി ഇതിനോടകം ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങൾ സംവിധാനം ചെയ്തുകഴിഞ്ഞു. ഓപ്പറേഷൻ ജാവ, സൗദി വെള്ളയ്ക്ക, തുടരും എന്നീ സിനിമകൾ. സൗദി വെള്ളയ്ക്ക നിരവധി ദേശീയ അന്തർദേശീയ ബഹുമതികൾ ഇതിനോടകം നേടിക്കഴിഞ്ഞു. തുടരും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്തു കൊണ്ട് തീയേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ്. ഈയവസരത്തിലാണ് വൈക്കത്തെ പൗരാവലി തരുൺ മൂർത്തിക്ക് ആദരം ഒരുക്കിയത് . ഇന്നലെ വൈകുന്നേരം വൈക്കം സത്യഗ്രഹ സ്മാരക മന്ദിരത്തിൽ നടന്ന സമ്മേളനത്തിൽ സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ.പി. കെ.ഹരികുമാർ സംവിധായകൻ തരുൺ മൂർത്തിയെ ആദരിച്ചു. പു ക സ ഏരിയ പ്രസിഡന്റ് കെ സി കുമാരൻ അധ്യക്ഷതവഹിച്ചു.
ഡോ.അജു കെ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. സംവിധായകൻ തരുൺ മൂർത്തി, ഗാന രചയിതാവ് അജീഷ് ദാസൻ,സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക, തബല വാദക രത്നശ്രീരാമചന്ദ്രൻ, ഡി.മനോജ്, പ്രഫ. പാർവതിചന്ദ്രൻ,അഡ്വ. അംബരീഷ് ജി.വാസു, പുരോഗമന കലാസാഹിത്യ സംഘം വൈക്കം ഏരിയ സെക്രട്ടറി കെ.കെ. ശശികുമാർ, വൈക്കം പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാല സെക്രട്ടറി കെ. ആർ.ബീന തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്
തരുൺ മൂർത്തിയുടെ പിതാവും നാടക പ്രവർത്തകനുമായ വൈക്കം ഡി.മധുമൂർത്തി സംവിധാനം നിർവഹിച്ച വിഘടിക്കാതെ, വിച്ഛേദിക്കാതെ, വിഹായസിലേക്ക് എന്ന നാടകം അവതരിപ്പിച്ചു.
പുരോഗമന കലാസാഹിത്യ സംഘവും വൈക്കം പി. കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയും ചേർന്ന് സംവിധായകൻ തരുൺമൂർത്തിയെ ആദരിച്ചു ;സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി.കെ. ഹരികുമാർ ആദരിച്ചു

Advertisements