ഗാന്ധിനഗർ: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങൾ പൊലീസിന് കൈമാറി സന്നദ്ധ പ്രവർത്തകർ. കത്തിനശിച്ച സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് 70 തോല (800 ഗ്രാമിൽ കൂടുതൽ) സ്വർണ്ണാഭരണങ്ങൾ, 80,000 രൂപ, പാസ്പോർട്ടുകൾ, ഒരു ഭഗവദ്ഗീത എന്നിവയാണ് കണ്ടെടുത്തത്. എല്ലാം പോലീസിന് കൈമാറി. കണ്ടെടുത്ത എല്ലാ സ്വകാര്യ വസ്തുക്കളും രേഖപ്പെടുത്തുന്നുണ്ടെന്നും അവ അടുത്ത ബന്ധുക്കൾക്ക് തിരികെ നൽകുമെന്നും ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി ഞായറാഴ്ച പറഞ്ഞു.
56കാരനായ രാജുപട്ടേലിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. രാജു പട്ടേലും സംഘവുമാണ് അപകടം നടന്നയുടൻ സ്ഥലത്തെത്തിയത്. ആദ്യത്തെ 15 മുതൽ 20 മിനിറ്റ് വരെ, ഞങ്ങൾക്ക് അടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും തീ വളരെ ശക്തമായിരുന്നുവെന്നും രാജു പട്ടേൽ പറഞ്ഞു. ആദ്യത്തെ അഗ്നിശമന സേനയും 108 ആംബുലൻസുകളും എത്തിയപ്പോൾ, ഞങ്ങൾ സഹായത്തിനായി ഓടി. സ്ട്രെച്ചറുകൾ ഒന്നും കാണാത്തതിനാൽ, സാരിയും ബെഡ്ഷീറ്റും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ചുമന്നതെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പട്ടേലിന്റെ സംഘത്തെ രാത്രി 9 മണി വരെ സ്ഥലത്ത് തുടരാൻ അധികൃതർ അനുവദിച്ചു. 2008 ലെ അഹമ്മദാബാദ് സീരിയൽ സ്ഫോടനങ്ങളിൽ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സർക്കാർ. 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇതുവരെ 83 മൃതദേഹങ്ങൾ വിട്ടുനൽകിയെന്നും ബാക്കിയുള്ളവ ഉടൻ വീട്ടുനൽകുമെന്നും ഗുജറാത്ത് സർക്കാർ അറിയിച്ചു. ഗുജറാത്ത് രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. അതേസമയം, മരിച്ചവരുടെ മൃതദേഹം തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധനകൾ ഇന്നും തുടരും