കൊച്ചി: പുറങ്കടലിൽ ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സിങ്കപ്പൂർ കപ്പലായ വാൻ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തത്. കപ്പലിൻ്റെ ഉടമയെയും കപ്പലിൻ്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കടലിൽ അമിത വേഗതയിൽ സഞ്ചരിച്ചതിന് ബിഎൻഎസ് 282 വകുപ്പ് ചുമത്തി. വിഷ പദാർത്ഥങ്ങൾ കൈകാര്യം ചെയ്തതിലെ അശ്രദ്ധയുടെ പേരിൽ ബിഎൻഎസ് സെക്ഷൻ 286, കത്തുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിൽ ബിഎൻഎസ് സെക്ഷൻ 287, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിൽ ബിഎൻഎസ് 288 വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കപ്പലിനെ ഉൾക്കടലിൽ കേരളാ തീരത്ത് നിന്ന് സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
അതിനിടെ വാൻ ഹായ് കപ്പലിലെ ജീവനക്കാരൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം ആലപ്പുഴ അർത്തുങ്കൽ തീരത്ത് അടിഞ്ഞു. അഴുകിയ നിലയിലുള്ള മൃതദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തും. ഇന്നലെ വളഞ്ഞവഴി തീരത്ത് കണ്ടെത്തിയ കണ്ടൈനർ കൊല്ലം പോർട്ടിലേക്ക് മാറ്റും. കപ്പലിലെ സാധനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയ്ക്കായി കടൽ വെള്ളം ശേഖരിച്ചു.
കപ്പലിലെ നാല് ജീവനക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. അർത്തുങ്കൽ തീരത്തുനിന്ന് കിട്ടിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. ജീവനക്കാരുടെ ഡിഎൻഎ വിവരങ്ങൾ കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. അർത്തുങ്കൽ തീരത്തടിഞ്ഞ് മൃതദേഹം എറണാകുളം ഞാറക്കലിൽ കടലിൽ വീണ് കാണാതായ യമൻ സ്വദേശികളിൽ ഒരാളുടേതാകാനും സാധ്യതയുണ്ടെന്ന് കോസ്റ്റൽ പൊലീസ് പറയുന്നുണ്ട്.