കോട്ടയം: കോടിമത പള്ളിപ്പുറത്ത് കാവിനു സമീപത്തെ അമ്പാടി ഹോട്ടലിലെ വൃത്തിഹീനമായ അന്തരീക്ഷത്തെപ്പറ്റി പരാതി ഉയർന്നിട്ടും നടപടിയെടുക്കാതെ കോട്ടയം നഗരസഭ. അടുക്കളയിൽ ചെളി നിറഞ്ഞ് ഈച്ചയും ക്ഷുദ്രജീവികളും നടക്കുന്നത് കൃത്യമായി കാണാൻ സാധിക്കും. എന്നിട്ടു പോലും നഗരസഭ അധികൃതർ ഹോട്ടലിൽ പരിശോധന നടത്താനോ ഒരു നോട്ടീസ് നൽകാനോ പോലും തയ്യാറായിട്ടില്ല. ഇത്രത്തോളം മോശമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് ലൈസൻസില്ലെന്നുള്ള വിവരവും ജാഗ്രത ന്യൂസ് ലൈവിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഹോട്ടലിലെ മോശം അന്തരീക്ഷത്തെപ്പറ്റി ജാഗ്രത ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇതുവരെയും ഈ ഹോട്ടലിൽ പരിശോധന നടത്താൻ നഗരസഭ ആരോഗ്യ വിഭാഗം തയ്യാറായിട്ടില്ല. ഈ ഹോട്ടലിലെ അടുക്കളയിൽ കയറി നോക്കിയാൽ തന്നെ അന്തരീക്ഷം എത്രത്തോളം വൃത്തി ഹീനമാണ് എന്ന് കണ്ടെത്താൻ സാധിക്കും. അടുക്കളയിൽ നിറയെ ചെളി പിടിച്ച് അന്തരീക്ഷമാണ്. ഇത് കൂടാതെയാണ് പാറ്റയും പല്ലിയും ഈച്ചയും എലിയും ഇവിടെ ഓടി നടക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ ഈ ഹോട്ടലിൽ വിതരണം ചെയ്യുന്ന ചിക്കനെ സംബന്ധിച്ചും പരാതിയുണ്ടായിരുന്നു. ചത്ത കോഴിയെയാണ് ഇവിടെ ചിക്കൻ വിഭവങ്ങളായി നൽകിയിരുന്നതെന്നാണ് പരാതി. കോഴിയെയുമായി ലോറിയിൽ എത്തുമ്പോൾ പലപ്പോഴും ഒരു ശതമാനം വരെ കോഴികൾ ചത്തു പോകാറുണ്ട്. ഇത്തരത്തിൽ ചത്തുപോകുന്ന കോഴികളെ കോടിമതയിലെ ഒരു ഇറച്ചിക്കടയിൽ നിന്നും വിൽപ്പന നടത്തുന്നുണ്ട്. ഈ കടയുമായി ബന്ധമുള്ള ആളാണ് കോടിമത അമ്പാടി ഹോട്ടൽ നടത്തുന്നതും. ഇത്തരത്തിൽ ഇവിടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതും, ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതുമായ ഹോട്ടലിൽ പരിശോധന നടത്താൻ പോലും നഗരസഭ അധികൃതർ തയ്യാറാകുന്നില്ലെന്നത് ഏറെ ഞെട്ടിക്കുന്നതാണ്.