ഉലകം ചുറ്റി മാഡം മന്ത്രി അവശ്യമരുന്നില്ലാതെ ആശുപത്രികൾ :എൻ. ഹരി

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ ക്ഷാമം അതിരൂക്ഷമായതോടെ രോഗികൾ കടുത്ത ദുരിതത്തിലാണെന്ന് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു. ആൻ്റി ക്യാൻസർ , ശസ്ത്രക്രിയാനന്തര ആവശ്യ മരുന്നുകളും ലഭ്യമല്ലാതായതോടെ രോഗികൾ വലയുകയാണ്. കൊട്ടിഘോഷിക്കപ്പെട്ട കേരള മാതൃക ചുവരെഴുത്തുകളിലും ആരോഗ്യമന്ത്രിയുടെ ആദരവുകളിലും മാത്രം ഒതുങ്ങുകയാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ നീറുന്ന പ്രശ്നം പരിഹരിക്കാതെ മേനി നടിച്ചു വിദേശ ആദരം ഏറ്റുവാങ്ങുന്ന ഉലകം ചുറ്റൽ തിരക്കിലാണ് ആരോഗ്യ മന്ത്രി.

Advertisements

അർബുദ രോഗികളുടെ കീമോതെറാപ്പി ചികിത്സ മരുന്നുകൾക്കാണ് ഏറ്റവും വലിയ ദൗർലഭ്യം. 5,000 രൂപ വില വരുന്ന മരുന്നുകൾ ഫാർമസികളിൽ സ്റ്റോക്കില്ല. ആശുപത്രിയിലെത്തുന്ന രോഗികൾ കീമോ ചെയ്യാതെ മടങ്ങേണ്ട അവസ്ഥയാണ്. പ്രധാനപ്പെട്ട 14 ഇനം മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്കാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആശുപത്രി നിർമാണം വിലയിരുത്താൻ അടിക്കടി കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്ന ആരോഗ്യമന്ത്രി രോഗികളുടെ ദുരിതം ശ്രദ്ധിക്കുന്നതേയില്ല.

രോഗികൾക്ക് കരുതലാവുന്ന ഇൻഷുറൻസ് സംവിധാനവും കാര്യക്ഷമമല്ല. 70 വയസ്സ് കഴിഞ്ഞവരെ കേന്ദ്രസർക്കാർ സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് അത് നടപ്പാക്കിയിട്ടില്ല. പാവപ്പെട്ട രോഗികളോടുള്ള സംസ്ഥാന സർക്കാർ സമീപനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്.

അവശ്യ മരുന്നുകൾ ഇല്ലാത്തതിനാൽ ശസ്ത്രക്രിയകൾ മുടങ്ങുകയും മാറ്റിവയ്ക്കുകയും ചെയ്യുകയാണ്. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാൻ ആവാത്ത രോഗികൾ പ്രതിസന്ധിയുടെ നടുക്കടലിലാണ്.
ആരോഗ്യ പരിപാലന രംഗത്തെ ഈ ഗുരുതര പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ അധികൃതർ മുന്നോട്ടുവരണം. അതൊരു കാരുണ്യപ്രവർത്തിയാണ്.

Hot Topics

Related Articles