തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന. ടാറ്റു ചെയ്യുമ്പോഴുള്ള വേദന അറിയാതിരിക്കാന്‍ ലഹരി മരുന്ന് നല്‍കുന്നെന്ന വിവരത്തെത്തുടര്‍ന്നാണ് എക്സൈസിന്റെ മിന്നല്‍ പരിശോധന. ഇന്നലെ കോഴിക്കോട് ജില്ലയിലെ ടാറ്റൂ സ്ഥാപനങ്ങളില്‍ എക്സൈസ് പരിശോധന നടത്തിയിരുന്നു. 4 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ 9 റേഞ്ചുകളിലാണ് പരിശോധന നടത്തിയത്.
മലപ്പുറം തിരൂരിലെ ടാറ്റൂ സ്ഥാനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.
അതേസമയം, യാതൊരു മുന്‍കരുതലും മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ടാറ്റൂ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് കര്‍ശനമാക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറി അദ്ധ്യക്ഷനായുള്ള സമിതിക്കായിരിക്കും ടാറ്റു ലൈസന്‍സ് നല്‍കാനുള്ള ചുമതല, മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കെമിക്കല്‍ അനലിറ്റിക്കല്‍ ലാബ് ഉദ്യോഗസ്ഥര്‍, മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈസന്‍സ് നിര്‍ബന്ധമാക്കുന്നതോടെ സ്ഥാപനം തുടങ്ങാന്‍ ടാറ്റു ആര്‍ട്ടിസ്റ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷ സമര്‍പ്പിക്കണം. അടിസ്ഥാന യോഗ്യത, ടാറ്റുചെയ്തുള്ള പരിചയം, പരിശീലനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. അനുമതി പത്രം സ്റ്റുഡിയോകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം. ഇതോടെ വഴിനീളെ യാതൊരു മാനദണ്ഡങ്ങളുമില്ലാത്ത പച്ചകുത്തല്‍ അവസാനിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷ.
പച്ചകുത്താന്‍ ഉപയോഗിക്കുന്ന മഷിക്ക് ഡ്രഗ്സ് കണ്ട്രോള് ബ്യൂറോയുടെ അംഗീകാരം വേണമെന്നുള്ളതാണ് മറ്റൊരു സുപ്രധാന തീരുമാനം. ഡിസ്പോസിബിള്‍ സൂചികളും ട്യൂബുകളും ഉപയോഗിച്ച് മാത്രമേ പച്ചകുത്താന്‍ പാടുള്ളൂ. ഇവ കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നുണ്ടോയെന്നും ഉറപ്പാക്കണം. സംസ്ഥാനത്ത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുന്ന പച്ചകുത്തല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോഗ്യവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് സുപ്രധാന നീക്കത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്.