തിരുവനന്തപുരം: സിപിഐഎം രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എഎ റഹീമിനെ തിരഞ്ഞെടുത്തു. സിപിഐഎം ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സിപിഐഎം അവെയിലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. എം.എ ബേബിക്ക് ശേഷം സിപിഎം രാജ്യസഭയിലേക്ക് അയക്കുന്ന പ്രായം കുറഞ്ഞ പ്രതിനിധിയാണ് റഹീം.
അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി പി സന്തോഷ് കുമാര്‍ മത്സരിക്കും. ഒഴിവുവരുന്ന മൂന്നു സീറ്റില്‍ വിജയസാധ്യതയുള്ള രണ്ടെണ്ണത്തില്‍ സിപിഐ എമ്മും സിപിഐയും മത്സരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍ഡിഎഫ് സംസ്ഥാന സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. മികച്ച യോജിപ്പാണ് ഘടകകക്ഷികള്‍ തമ്മിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നു നടന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് സന്തോഷ് കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനമായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് സീറ്റുകളില്‍ രണ്ടെണ്ണം എല്‍ഡിഎഫിന് വിജയിക്കാന്‍ കഴിയും. ഇതിലൊന്ന് സിപിഐയ്ക്ക് നല്കാന് നേരത്തെ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായിരുന്നു. 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 31നാണ് നടക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബില്‍ അഞ്ച്, അസമില്‍ രണ്ട്, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.