ദില്ലി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ. യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതോടെ വരും ദിവസങ്ങളിൽ ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യത്തിലാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കൂട്ടുന്നത്. യുക്രൈൻ റഷ്യ യുദ്ധത്തോടെ, റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യൻ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ കുറഞ്ഞ നിരക്കിൽ എണ്ണ ലഭിച്ചു തുടങ്ങിയതാണ് റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ കൂടുതൽ രാജ്യങ്ങളെത്തിയത്.
ജൂണിൽ റഷ്യയിൽനിന്ന് ദിവസം ശരാശരി 22 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാകെ ചേർന്നുള്ള ഇറക്കുമതിയെക്കാൾ കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമാണ് ഇന്ത്യ. വിവിധ രാജ്യങ്ങളിൽനിന്നായി ഇന്ത്യ ദിവസം 51 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മേയിൽ, ദിവസം 19 ലക്ഷം ബാരൽ അസംസ്കൃത എണ്ണ റഷ്യയിൽനിന്ന് ഇന്ത്യ വാങ്ങിയിരുന്നു. നേരത്തേ ഇന്ത്യയുടെ ഇറക്കുമതിയുടെ ഒരു ശതമാനത്തോളമായിരുന്നു റഷ്യയിൽ നിന്നുമുണ്ടായിരുന്നത്. അത് പിന്നീട് 40-45 ശതമാനമായി ഉയർന്നു. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിലും വർധനയുണ്ട്. മേയിൽ 2,80,000 ബാരലാണ് ദിവസവും വാങ്ങിയിരുന്നതെങ്കിൽ ജൂണിലെ ഇറക്കുമതി 4,39,000 ബാരലായി ഉയർന്നിരുന്നു. മുൻപ് ഇറക്കുമതിയുടെ ഭൂരിഭാഗവും പശ്ചിമേഷ്യയിൽ നിന്നായിരുന്നു.