ഡമാസ്‌കസ് : സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണത്തിൽ 22 മരണം. 63 പേർക്ക് പരുക്കേറ്റു. ഡമാസ്‌കസിലെ സെന്റ് ഏലിയാസ് ചർച്ചിലാണ് ചാവേർ ആക്രമണമുണ്ടായത്. ആരാധനയ്ക്കിടെ ഒരാൾ തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയും തുടർന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായി സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് സിറിയ ആരോപിച്ചു. എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടില്ല. പതിമൂന്ന് വർഷത്തെ ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഡിസംബറിൽ വിമത സേന ബഷാർ അൽ-അസദിനെ അട്ടിമറിച്ചതിനുശേഷം ഡമാസ്കസിൽ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുമെന്നും അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തി തക്കതായ ശിക്ഷ നൽകുമെന്നും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറ പറഞ്ഞു. ആഭ്യന്തര മന്ത്രി അനസ് ഖത്താബ് ആക്രമണത്തെ അപലപിച്ചു. അന്വേഷിക്കാനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി അദേഹം അറിയിച്ചു. ആക്രമണത്തിൽ രണ്ട് പേർ പങ്കാളികളായിട്ടുണ്ടെന്നും ഒരാൾ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടെന്നും രണ്ടാമനെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സിറിയൻ ആഭ്യന്തരമന്ത്രാലയം അറിയിച്ചു.