വനിതകൾ മദ്യം വിളമ്പിയതിന് കേസെടുത്തത് നിയമ വിരുദ്ധം
വനിതകൾ മദ്യം വിളമ്പി എന്ന ‘ ക്രിമിനൽ കുറ്റത്തിന്’ കേരളത്തിൽ എക്‌സൈസ് കേസ് എടുത്തത് തികച്ചും അനുചിതവും നിയമവിരുദ്ധവുമായ നടപടിയാണ്. വനിതകൾക്കായുള്ള എല്ലാ അവകാശങ്ങൾക്കും വേണ്ടിയും പോരാടുന്ന ഒരു സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഈ നടപടി തികച്ചും നിയമവിരുദ്ധവും മനുഷ്യാവകാശങ്ങളുടെയും ഭരണഘടനാവകാശങ്ങളുടെയും ലംഘനവുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള അബ്കാരി നിയമങ്ങളിലെ ‘ഫോറിൻ ലിക്വർ റൂൾസ് 1953’ ലെ വകുപ്പ് 27 A എന്ന നിയമം 2013 ലാണ് സർക്കാർ വിജ്ഞാപനത്തിലൂടെ നിയമത്തിൽ ചേർത്തത്. അത് പറയുന്നത് ‘No women shall be employed in any capacity for serving liquor in the licensed premises’ എന്നാണ്. അതായത് ഒരു സ്ത്രീയെയും മദ്യം വിളമ്പുന്നതിന് നിയമിക്കരുത്’ എന്ന് മാത്രം. അതായത് സ്ത്രീകൾക്ക് ഇത്തരം ജോലികളിൽ നിയമനം നൽകിക്കൂടാ എന്നർത്ഥം. എക്സൈസ് കേസ് എടുത്ത വനിതകളെ ഇക്കാര്യത്തിന് ജോലിക്ക് വെച്ചിരിക്കുക ആയിരുന്നില്ല. മറിച്ച് ഉദ്ഘാടനത്തിന് ഒരു രസത്തിനു സപ്ളൈ ചെയ്യാൻ ചേർന്നതാണ് എങ്കിൽ..?
തന്നെയുമല്ല, ഈ 2013 ലെ നിയമം ഭരണഘടനാ ലംഘനമാണെന്ന് കണ്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി 2017 ൽ റദ്ദാക്കികളഞ്ഞിരുന്നതാണ്. കേരള ബിവറേജസ് കോർപറേഷനെതിരെ സനുജ ബി. എന്ന സ്ത്രീ നൽകിയ ഹർജിയിലാണ് കേരള ഫോറിൻ ലിക്വർ റൂൾസ് 27 A എന്ന വകുപ്പ് ഭരണഘടനയുടെ 14 ഉം 15 ഉം അനുച്ഛേദങ്ങളിൽ പറഞ്ഞിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് കണ്ടെത്തിയത്. കൂടാതെ ലിംഗ വ്യത്യാസം ഒന്നുകൊണ്ടു മാത്രം ഒരു സ്ത്രീയെയും ജോലിയിൽ നിന്ന് മാറ്റി നിർത്തരുത് എന്ന് 2021 ൽ ത്രേസ ജോസഫൈൻ – കേരള സർക്കാർ എന്ന കേസിൽ വീണ്ടും വിധി പ്രസ്താവിച്ചിരുന്നതുമാണ്.
അതായത് ഈ നിയമ പ്രകാരം കേസെടുത്തത് ബഹു: ഹൈക്കോടതി വിധിയുത്തരവുകൾക്ക് എതിരെയും റദ്ദായ നിയമത്തിന്റെ അടിസ്ഥാനത്തിലുമാണ്. ചുരുക്കത്തിൽ, ഏതോ ഒരു പ്രധാനിയായ വ്യക്തിയെ അറിയിക്കാതെയും സാർക്കാർ തലത്തിൽ പബ് ഉദ്ഘാടന മഹാമാഹം നടത്താതെയും കേരളത്തിൽ പബ് തുടങ്ങിയത് സർക്കാർ നേതൃത്വത്തിന് ഇഷ്ടപ്പെട്ടില്ല എന്നതിന്റെ പ്രതിഫലനം മാത്രമാണ് ഈ കേസ് എന്നു കരുതാം.
യഥാർത്ഥത്തിൽ ഇത് വനിതകൾക്കെതിരായ സർക്കാർ തല അക്രമണമാണ്. പ്രമുഖ വനിതാ വിമോചകരൊന്നും പ്രതികരിക്കാത്തതുകൊണ്ടാണ് ഇത്രയും വിവരങ്ങൾ രേഖപ്പെടുത്തിയത്.