തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമി അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകളുടേതാണെന്ന് ബിജെപി. കേരള ജനതയ്ക്ക് മേൽ അടിച്ചേൽപ്പിച്ച അനാവശ്യ ഉപതെരഞ്ഞെടുപ്പ് ആണ് നിലമ്പൂരിൽ നടന്നത് എന്നതാണ് തുടക്കം മുതലുള്ള ബിജെപിയുടെ നിലപാട്. എന്നാലും ജനാധിപത്യ പാർട്ടി എന്ന നിലയിൽ നല്ല രീതിയിൽ ബി ജെ പി തെരഞ്ഞെടുപ്പ് മത്സരത്തിൽ ഭാഗമായി. ഇരുമുന്നണികളുടേയും മുസ്ലിം പ്രീണനവും നിലമ്പൂരിലെ വികസന മുരടിപ്പും ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ സാധിച്ചുവെന്നും ബിജെപി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ മോഹൻ ജോർജ്ജിനെ പിന്തുണച്ച നിലമ്പൂരിലെ എല്ലാ വോട്ടർമാർക്കും നന്ദി. നല്ല പ്രകടനം കാഴ്ച വയ്ക്കാൻ പ്രയത്നിച്ച നിലമ്പൂരിലെ പ്രവർത്തകർക്കും അഡ്വ. മോഹൻ ജോർജിനും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. നിലമ്പൂരിലെ പുതിയ എംഎൽഎ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ബിജെപി മണ്ഡലത്തിലെ അടിസ്ഥാന വോട്ട് നില നിർത്തി. ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് കുറയാറുണ്ടെങ്കിലും നിലമ്പൂരിൽ വോട്ടുകൾ വോട്ട് വർദ്ധിപ്പിക്കാനായത് ബിജെപിയുടെ പ്രചരണത്തിൻ്റെ വിജയമാണ് ചൂണ്ടി കാണിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ വോട്ട് വർധിച്ചത് ബിജെപിക്ക് മാത്രമാണ്. ബിജെപി മുന്നോട്ട് വയ്ക്കുന്ന വികസിത കേരളം എന്ന ആശയവും കോൺഗ്രസ് സിപിഎം ദേശ വിരുദ്ധ ശക്തികളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയം തുറന്ന് കാട്ടാൻ സാധിച്ചു എന്നുള്ളതുമാണ് ഈ നല്ല പ്രകടനത്തിന് കാരണം.
ലോക്സഭയിൽ കിട്ടിയ വോട്ട് നിലയിൽ നിന്ന് യുഡിഎഫിന് വലിയ വോട്ട് കുറഞ്ഞിട്ടുണ്ട്. അവരുടെ വോട്ട് പിടിച്ചു നിർത്തിയത് മുസ്ലിം തീവ്രവാദ സംഘടനകളുട വോട്ടുകൾ കൂടി ലഭിച്ചതോടെയാണ്. അതോടൊപ്പം എൽഡിഎഫ് വോട്ട് വിഭജിച്ചതും കോൺഗ്രസിനെ സഹായിച്ചു. എൽഡിഎഫിനാവട്ടെ സിറ്റിങ്ങ് മണ്ഡലം നഷ്ടമാവുകയും ചെയ്തു. തിരഞ്ഞെടുപ്പിന് വേണ്ടി ഏതറ്റവും വരെ പോയി, അപകടകാരികളായ ജമാഅത്ത് ഇസ്ലാമി പോലുള്ളവരെ മുഖ്യധാര രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരുന്നത് കേരളത്തിൻ്റെ ഭാവിക്ക് തന്നെ അപകടമാണ്. കേരളത്തിലെ ജനങ്ങൾ ഇതിനെ എതിർക്കണമെന്നും ബിജെപി.
വോട്ട് ലഭിക്കാനായി ഇരുമുന്നണികളും നിലമ്പൂരിൽ നടത്തിയ മുസ്ലിം പ്രീണന രാഷ്ട്രീയം വരും നാളുകളിൽ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടും. വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വലിയ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകാൻ നിലമ്പൂരിലെ പ്രകടനം പാർട്ടിയെ സഹായിക്കും. വികസിത കേരളം എന്ന കാഴ്ചപ്പാടുമായി ജനങ്ങൾക്കിടയിലേക്ക് കൂടുതൽ ശക്തമായി ബിജെപി പ്രവർത്തനം വർദ്ധിപ്പിക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.