ദില്ലി: പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള വിദേശ പര്യടനത്തിനിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍. സമാനകളില്ലാത്ത ഊര്‍ജ്ജമാണ് പ്രധാനമന്ത്രിക്കെന്നും പ്രധാനമന്ത്രിയുടെ ഊര്‍ജ്ജവും, ചലനാത്മകതയും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തി. ശശി തരൂരിൻ്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവച്ചു. അതേസമയം, എഐസിസി നേതൃത്വം തരൂരിന്‍റെ നീക്കങ്ങളോട് പ്രതികരിച്ചിട്ടില്ല.
മോദിയെ പുകഴ്ത്തിയിട്ടും, പുകഴ്ത്തിയിട്ടും ശശി തരൂരിന് മതിയാവുന്നില്ല. ഓപ്പേറേഷന്‍ സിന്ധൂറിന്‍റെ ഭാഗമായി നടത്തിയ വിദേശപര്യടനത്തെ കുറിച്ച് വിശദീകരിച്ചെഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രിയുടെ കഴിവുകളെയും തരൂര്‍ പ്രശംസിക്കുന്നത്. മോദിയുടെ ഊര്‍ജ്ജം, ചലനാത്മകത,ഇടപഴകാനുള്ള സന്നദ്ധത ഇതൊക്കെയാണ് തരൂര്‍ വിശദീകരിക്കുന്നത്. ഈ മൂന്ന് ഗുണങ്ങളും ലോക വേദികളില്‍ ഇന്ത്യയുടെ സ്വത്താണെന്നാണ് തരൂര്‍ പുകഴ്ത്തുന്നത്. മികച്ച പിന്തുണ അദ്ദേഹം അര്‍ഹിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായുള്ള സര്‍വകക്ഷി സംഘത്തിന്‍റെ പര്യടനം വന്‍ വിജയമായിരുന്നുവെന്നും തരൂര്‍ അവകാശപ്പെടുന്നു. ഐക്യത്തിന്‍റെ ശബ്ദമാണ് അന്താരാഷ്ട്ര വേദികളില്‍ കേട്ടത്. ഭരണപ്രതിപക്ഷ ഐക്യമുണ്ടെങ്കില്‍ കൂടുതല്‍ ഐക്യത്തോടെയും ബോധ്യത്തോടെയും ഇന്ത്യയുടെ ശബ്ദമുയര്‍ത്താനാകും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെയൊരവസരം പ്രധാനമന്ത്രി ഒരുക്കിയെന്നാണ് ലേഖനത്തിലൂടെ തരൂര്‍ പറഞ്ഞ് വയ്ക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂരിലൂടെ കേന്ദ്ര സര്‍ക്കാരിനെയും മോദിയെയും പുകഴ്ത്തുന്ന ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചു. ഓപ്പറേഷൻ സിന്ദൂര്‍ വിദേശ പര്യടന ദൗത്യത്തിലെ മുൻ കേന്ദ്രമന്ത്രിയും ലോക്‌സഭാ എംപിയുമായ ഡോ. ശശി തരൂരിൻ്റെ അനുഭവങ്ങള്‍ എന്ന പേരിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ലേഖനത്തെ പരിചയപ്പെടുത്തുന്നത്.
അതേസമയം, പ്രധാനമന്ത്രിയുടെ ദൗത്യമേറ്റെടുത്തുള്ള മൂന്ന് രാജ്യങ്ങളിലെ തരൂരിന്‍റെ പര്യടനം സംബന്ധിച്ച വിവരങ്ങളൊന്നും പുറത്ത് വിടുന്നില്ല. റഷ്യയും, ഗ്രീസും, യുകെയുമാണ് പട്ടികയിലുള്ളത്. സര്‍ക്കാരും അത്യന്തം രഹസ്യാത്മകത സൂക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ അടിക്കാനാണ് തരൂരിനോട് അമിത താല്‍പര്യം കാട്ടുന്നതെങ്കിലും നയതന്ത്ര റോളിലേക്ക് ഉയര്‍ത്തുന്നതിലും മറ്റും ബിജെപിക്കുള്ളില്‍ അത് മുറുമുറുപ്പുണ്ടെന്നാണ് സൂചന. തരൂരിനെ അവഗണിക്കുകയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് എഐസിസി. അച്ചടക്ക നടപടിയെടുത്ത് പാര്‍ട്ടി പുറത്താക്കില്ല, തരൂരായി ഒഴിഞ്ഞുപോകുന്നെങ്കില്‍ പോകട്ടെയെന്നാണ് നിലപാട്. കൂടിക്കാഴ്ചക്ക് തരൂര്‍ ശ്രമിച്ചാലും അനുമതി നല്‍കാന്‍ സാധ്യതയില്ല.