ദില്ലി: ഇന്ത്യൻ റെയിൽവേ പാസഞ്ചർ ട്രെയിൻ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2025 ജൂലൈ 1 മുതൽ നിരക്കുകളിലെ വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എസി ഇതര മെയിൽ/എക്സ്പ്രസ് ട്രെയിനുകളുടെ യാത്രാ നിരക്ക് കിലോമീറ്ററിന് 1 പൈസ വീതം വർധിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എസി ക്ലാസുകളുടെ നിരക്ക് വർധനവ് കിലോമീറ്ററിന് 2 പൈസയായിരിക്കും.
500 കിലോമീറ്റർ വരെയുള്ള യാത്രക്ക് സബർബൻ ടിക്കറ്റുകൾക്കും സെക്കൻഡ് ക്ലാസ് യാത്രക്കും നിരക്ക് വർധനവുണ്ടാകില്ല. 500 കിലോമീറ്ററിൽ കൂടുതലുള്ള ദൂരത്തിന് കിലോമീറ്ററിന് അര പൈസ വർധിക്കും. പ്രതിമാസ സീസൺ ടിക്കറ്റിൽ വർധനവുണ്ടാകില്ല. 2025 ജൂലൈ 1 മുതൽ ആരംഭിക്കുന്ന തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നു. തത്കാൽ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ആധാർ നിർബന്ധമാത്തിയതെന്നാണ് വിശദീകരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
01-07-2025 മുതൽ തത്കാൽ സ്കീം പ്രകാരമുള്ള ടിക്കറ്റുകൾ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ് വഴി ആധാർ അംഗീകൃത ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ കഴിയൂവെന്ന് റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. 2025 ജൂലൈ 15 മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഘട്ടം പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രാലയം പ്രഖ്യാപിച്ചു.