കണ്ണ് കുത്തി പൊട്ടിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നായകുട്ടിക്ക് തുണയായി കോട്ടയം വടവാതൂർ സ്വദേശി

കോട്ടയം : കണ്ണ് കുത്തി പൊട്ടിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നായകുട്ടിക്ക് തുണയായി വടവാതൂർ സ്വദേശി അഭിലാഷ്.കോട്ടയം വടവാതൂർ ബണ്ട് റോഡിൽ കരിപ്പാൽ ജംഗ്ഷന് സമീപം കുറ്റിക്കാട്ടിൽ ആണ് പഗ് ഇനത്തിൽപ്പെട്ട നായയുടെ കണ്ണ് കുത്തിപ്പൊട്ടിച്ച് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ ആരും തിരിഞ്ഞു നോക്കാതെ പോയ നായയെ ഉപേക്ഷിച്ചു പോകാൻ തയ്യാറല്ലായിരുന്നു അഭിലാഷ്. കോട്ടയം വടവാതൂർ പള്ളിച്ചിറ സ്വദേശിയായ ഇദ്ദേഹം ഇന്ന് രാവിലെയോടു കൂടി നായക്കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതൽ മഴ നനഞ്ഞ് കരിപ്പാൽ ജംഗ്ഷന് സമീപത്തുള്ള കുറ്റിക്കാട്ടിൽ കിടക്കുകയായിരുന്നു നായക്കുട്ടി.

Advertisements

ഈ വിവരമറിഞ്ഞ അഭിലാഷ് ഇന്ന് രാവിലെ ഇതിനെ തേടിയെത്തി ഏറ്റെടുക്കുകയായിരുന്നു. ഏറ്റെടുത്തശേഷം നായ്ക്കുട്ടിയെ വീട്ടിലേക്ക് എത്തിക്കുകയും തുടർന്ന് തന്റെ പരിചയത്തിലുള്ള ഡോക്ടറിനെ വിവരമറിയിച്ചതിനെ തുടർന്ന് വീട്ടിലെത്തി നായയെ പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ നായ കുട്ടിയുടെ മുറിവിൽ നിന്നും നൂറോളം പുഴുക്കളെയാണ് എടുത്തു കളഞ്ഞത്. ശേഷം മുറിവ് ഉണങ്ങാനുള്ള മരുന്നും ഓയിൽമെൻ്റും നൽകി. മൂന്നാഴ്ചത്തെ വിശ്രമവും നിർദ്ദേശിച്ചു. ചികിത്സ നൽകിയ ഡോക്ടർ ഒരു രൂപ പോലും വാങ്ങിയില്ല എന്ന് വീട്ടുകാർ പറയുന്നു. നായക്കുട്ടി എവിടെ നിന്ന് വന്നതെന്നോ ആരാണ് ഉപേക്ഷിച്ചതെന്നോ എന്താണ് പറ്റിയതെന്നോ ഒരു വിവരവും ഇല്ല. എന്നാൽ കണ്ണ് കുത്തി പൊട്ടിച്ച് റോഡിൽ ഉപേക്ഷിച്ച നായക്കുട്ടിയെ ആരും തിരിഞ്ഞു നോക്കാതെ വന്നപ്പോൾ അതിനെ ഏറ്റെടുക്കാൻ കാണിച്ച അഭിലാഷിന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് നാട്ടുകാർ.

Hot Topics

Related Articles