കോട്ടയം : കുടുംബശ്രീ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങൾക്ക് ഇനിമുതൽ സാങ്കേതികവിദ്യയുടെ കയ്യൊപ്പ്. ഇതിനായി കെ ടാപ് ( കുടുംബശ്രീ ടെക്നോളജി അഡ്വാൻസ് മെന്റ് പ്രോഗ്രാം) എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചു. കാർഷിക മേഖലയിൽ നവീന ആശയങ്ങളിലൂടെയും, സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും, സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഇന്ത്യയിലെ കാർഷിക ഭക്ഷ്യ സംസ്കരണ മേഖലകളിൽ ഗവേഷണ പാരമ്പര്യമുള്ള പ്രശസ്ത സ്ഥാപനങ്ങളുടെ 180 ഓളം നൂതന സാങ്കേതിക വിദ്യകൾ കുടുംബശ്രീ കർഷകർക്കും, സംരംഭകർക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കെ ടാപ്. ഡയബറ്റിക് ഇൻസ്റ്റന്റ് കേക്ക് മിക്സ്, തേൻ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ഹൈ പ്രോട്ടീൻ ലഘു ഭക്ഷണങ്ങൾ, ഷുഗർ ഫ്രീ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ലോ ഗൈസിമിക് ഇൻഡക്സ് ഉൽപ്പന്നങ്ങൾ, നാച്ചുറൽ ഫുഡ് കളറുകൾ, മൾട്ടി ഗ്രെയിൻ ബ്രഡുകൾ, നാളികേര ഉൽപ്പന്നങ്ങൾ, കിഴങ്ങ് വിളകളുടെ മൂല്യ വർധിത ഉൽപ്പന്നങ്ങൾ, ചെറു ധാന്യങ്ങൾ, മുരിങ്ങ എന്നിവയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ, അച്ചാറുകൾ, ഐസ്ക്രീമുകൾ, ഇൻസ്റ്റന്റ് ഫുഡ് മിക്സുകൾ, എന്നിങ്ങനെ വൈവിധ്യമാർന്ന 180 ഉൽപ്പന്നം കുടുംബശ്രീ സംരംഭങ്ങൾക്ക് തയ്യാറാക്കാൻ ആകും. കുടുംബശ്രീ കാർഷിക മേഖലകളിൽ മേഖലയിൽ ഈ വർഷം തുടങ്ങുന്ന കെ ലൈവ് പ്ലസ്, വൺ ഡിസ്ട്രിക്റ്റ് വൺ പ്രോഡക്റ്റ്, ന്യൂട്രി പാലറ്റ് , എന്നീ പദ്ധതികൾക്കും ഈ സാങ്കേതികവിദ്യ മുതൽകൂട്ടാകും.






കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, തഞ്ചാവൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫുഡ് ടെക്നോളജി ഇന്റർപ്രണർഷിപ്പ് ആൻഡ് മാനേജ്മെന്റ്, കേന്ദ്ര വാഴ ഗവേഷണ കേന്ദ്രം, സെൻട്രൽ ഫുഡ് ടെക്നോളജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്ത്യ ഡി ഡി പ്രീനറി സയൻസ് ടെക്നോളജി, കേരള കാർഷിക സർവകലാശാല എന്നീ സ്ഥാപനങ്ങൾ കെ ടാപ് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷനുമായി ധാരണപത്രം ഒപ്പുവെച്ചു.
കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പദ്ധതിയുമായി ബന്ധപ്പെട്ട് ചൈതന്യ പാസ്റ്റർ സെന്ററിൽ നടന്ന ക്ലിനിക് പരിശീലനത്തിൽ സംരംഭകരും, സിഡിഎസ് ചെയർപേഴ്സൺ മാർ, അഗ്രി സിആർപി മാർ, ബ്ലോക്ക് കോഡിനേറ്റർമാർ, ഐഎഫ്സി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ ഫാം ലൈവിലിഹുഡ് സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ: എസ് ഷാനവാസ് സാങ്കേതിക വിദ്യകളും, സേവനങ്ങളും സംരംഭകർക്ക് പരിചയപ്പെടുത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ പ്രകാശ് ബി നായർ, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.