“തരൂരിന്‍റെ ഇംഗ്ലീഷ് മനസിലാകാത്തതു കൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ല”; പരിഹസിച്ച് ഖര്‍ഗെ

ദില്ലി: ശശി തരൂരിനെതിരെ നിലപാട് കടുപ്പിച്ചും പരിഹസിച്ചും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. തരൂരിന്‍റെ ഇംഗ്ലീഷ് തനിക്ക് മനസിലാകാത്തതുകൊണ്ട് മോദി സ്തുതിയുള്ള ലേഖനം വായിച്ചില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചു. പറയുന്ന കാര്യങ്ങളെ കുറിച്ച് ബോധ്യമുണ്ടാകണമെന്നും ജയിപ്പിച്ച് വിട്ട ജനങ്ങളോട് ഉത്തരവാദിത്തം കാട്ടണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിലപാട് കടുപ്പിച്ചു. ഹൈക്കമാ‍ന്‍‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ പറക്കാന്‍ ആരോടും അനുവാദം ചോദിക്കരുതെന്നും ആകാശം ആരുടേതുമല്ലെന്നുമെഴുതിയ പക്ഷിയുടെ ചിത്രം സമൂഹമാധ്യമ പേജില്‍ പങ്ക് വച്ച് തരൂര്‍ ഒളിയമ്പെയ്തു.

Advertisements

തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ആദ്യ പ്രതികരണമാണിത്. മോദി സ്തുതിയുമായെഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ നടപടിയുണ്ടാകുമോയെന്ന ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തരൂരിന്‍റെ ലേഖനം വായിച്ച് തലപുണ്ണാക്കാനില്ല. രാജ്യമാണ് ആദ്യമെന്ന നിലപാട് തന്നെയാണ് കോൺഗ്രസിന്‍റേതും. രാജ്യത്തിനായി യുദ്ധം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. നടപടിയുണ്ടാകുമോയെന്ന ചോദ്യം ഒഴിവാക്കി, ഇംഗ്ലീഷ് അറിയാത്തതുകൊണ്ട് തരൂരിന്‍റെ ലേഖനം വായിച്ചില്ലെന്ന് ഖര്‍ഗെ പരിഹസിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, ലക്ഷ്ണമണ രേഖയെ കുറിച്ച് നേരത്തെ ഓര്‍മ്മപ്പെടുത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തരൂരിന്‍റെ നീക്കങ്ങളില്‍ കടുത്ത അതൃപ്തി അറിയിച്ചു. നേതൃത്വത്തിന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് സമൂഹമാധ്യമ പേജില്‍ പക്ഷിയുടെ ചിത്രമുള്ള തരൂരിന്‍റെ കുത്ത്. പറക്കാന്‍ ആരുടെയും അനുമതി ചോദിക്കരുത്. ചിറകുകള്‍ നിങ്ങളുടേതാണ്. ആകാശം ആരുടേതുമല്ലെന്ന ചിത്രത്തിലെ വാക്കുകളിലൂടെ ആരുടെയും നിയന്ത്രണത്തിലല്ലെന്നും ആരും നിയന്ത്രിക്കേണ്ടെന്നുമുള്ള പരോക്ഷേ സന്ദേശമാണ് തരൂര്‍ നല്‍കുന്നത്. ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും, പാര്‍ട്ടിക്ക് വഴങ്ങി നില്‍ക്കാനുദ്ദേശിക്കുന്നില്ലെന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് തരൂര്‍.

Hot Topics

Related Articles