കോട്ടയം : കേറ്ററിംഗ് മേഖലയിൽ സഹകരണ സംഘം രൂപീകരിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണെന്ന് സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ. സർക്കാർതലത്തിൽ സഹകരണ സംഘം രൂപീകരിക്കുന്നതിനാവിശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും മന്ത്രി പറഞ്ഞു. ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ (എകെസിഎ) കോട്ടയം ജില്ലാ സമ്മേളനം ഏറ്റുമാനൂർ സാൻജോസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.കൂടുതൽ മത്സരം നടക്കുന്ന മേഖലയാണ് കേറ്ററിംഗ് മേഖല. രുചിക്കൂട്ടും, മികച്ച സേവനവും ആണ് ഈ ബിസിനസിന്റെ പ്രധാന ഘടകം. രൂക്ഷമായ വിലക്കയറ്റം കാറ്ററിങ് മേഖലയിലുള്ളവരെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണണമെങ്കിൽ വിതരണം ചെയ്യുന്ന വിഭവങ്ങൾക്ക് നിലവിലുള്ളതിനേക്കാൾ ചാർജ് വർദ്ധിപ്പിക്കണം. ഇത്തരത്തിൽ ചാർജ് വർദ്ധിപ്പിക്കണമെങ്കിൽ സമൂഹത്തെയും, അധികാരികളെയും ബോധിപ്പിച്ച് അനുമതി നേടുക എന്നതാണ് എ കെ സി എ സംഘടനയുടെ മുമ്പിലുള്ള പ്രധാന പ്രശ്നം എന്നും മന്ത്രി പറഞ്ഞു. ഫുഡ് ആൻഡ് സേഫ്റ്റി, ടാക്സ് വകുപ്പുകളിൽ നിന്ന് ഈ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് സംഘടനകൊണ്ട് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രതിനിധി സമ്മേളനത്തിൽ എ കെ സി എ കോട്ടയം ജില്ലാ പ്രസിഡണ്ട് സജി ജേക്കബ്ബ് അധ്യക്ഷൻ ആയിരുന്നു.ജില്ലാ രക്ഷാധികാരി ഏലിയാസ് സക്കറിയ ആമുഖ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി ജോസ് ഫിലിപ്പ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് ജില്ലാ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് ആയി സജി ജേക്കബ്ബ്, സെക്രട്ടറി ബിജു തോമസ്, ട്രഷറർ സെബാസ്റ്റ്യൻ ജോസഫ് എന്നിവരെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എ കെ സി എ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി സുനുകുമാർ റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.വൈകിട്ട് നടന്നപൊതുസമ്മേളനത്തിൽ എ കെ സി എ ജില്ലാ പ്രസിഡന്റ് സജി ജേക്കബ് അധ്യക്ഷനായിരുന്നു.എ കെ സി എ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. എ കെ സി എ നിയുക്ത സെക്രട്ടറി ബിജു തോമസ് യോഗത്തിന് സ്വാഗതം പറഞ്ഞു. എ കെ സി എ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സക്കറിയ,സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ കെ പോൾ, സംസ്ഥാന ട്രഷറർ എം. ജി ശ്രീവത്സൻ,ജില്ലാ വൈസ് പ്രസിഡന്റും, മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ സോജൻ തൊടുകമുൻ സംസ്ഥാന ജനറൽ സെക്രട്ടറി വി. സുനുകുമാർ, കോട്ടയം ജില്ലാ രക്ഷാധികാരി ബാബു ജോസഫ്, ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എം. കെ ആന്റണി, പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് വിജയൻ നടമംഗലം, ജില്ലാ ട്രഷറർ സെബാസ്റ്റ്യൻ ജോസഫ്, ജില്ലാ ജോ.സെകട്ടറി സച്ചിൻ വിനായക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംഘാടകസമിതി കൺവീനറും എ കെ സി എ കോട്ടയം മേഖലാ പ്രസിഡന്റ്മായ ബിനോയി എബ്രഹാം കൃതജ്ഞതയും രേഖപ്പെടുത്തി. പൊതുസമ്മേളന വേദിയിൽ വച്ച് ശ്രീകുമാർ കൂടപ്പുലത്തിനേയും സ്കൂൾ തലത്തിലും കോളേജ് തലത്തിലും ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ആദരിച്ചു. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വിവിധ സ്റ്റാളുകളും ഒരുക്കിയിരുന്നു.സമ്മേളനത്തിനു ശേഷം ഗാനമേളയും സ്നേഹവിരുന്നും നടന്നു.അനിനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും, അനധികൃതമായ പ്രവർത്തിക്കുന്ന കേറ്ററിംഗ്കാരെ നിയന്ത്രിക്കുവാനും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ എട്ടിന് സെക്രട്ടറിയേറ്റ് പടിക്കൽ ധർണ്ണ സംഘടിപ്പിക്കുമെന്ന് എ കെ സി എ അറിയിച്ചു.