ആലുവ: അണക്കെട്ടുകളിൽ നിന്നും കൂടുതൽ ജലം തുറന്നു വിട്ടതോടെ ആലുവ ശിവക്ഷേത്രം ഈ കാലവർഷത്തിൽ രണ്ടാം തവണയും പൂർണമായി മുങ്ങി. ഇതിനു മുമ്പ് ഇക്കഴിഞ്ഞ 16നാണ് മുങ്ങിയത്. ഇതേ തുടർന്ന് പിതൃ ദർപ്പണ ചടങ്ങുകൾ പൂർണമായി കരയിലേക്ക് മാറ്റിയിരുന്നു. അണക്കെട്ടുകൾ തുറന്നതിനൊപ്പം ഇന്നലെ ഇടയ്ക്കിടെ എറണാകുളം ജില്ലയിൽ കനത്ത മഴ പെയ്തതും ജലനിരപ്പ് ഉയരാൻ കാരണമായി.
എറണാകുളത്ത് മലയോര പ്രദേശങ്ങളിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. എന്നാൽ കാറ്റ് ആഞ്ഞുവീശുന്നില്ലെന്നത് ആശ്വാസമാണ്. അതിനാൽ വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ല. ഇന്ന് എറണാകുളം ജില്ലയിൽ മഞ്ഞ അലർട്ടാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 8 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കേരളാ തീരത്ത് മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മറ്റന്നാൾ വരെ മഴ തുടർന്നേക്കും.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ ഇടുക്കി, വയനാട്, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. ഇരിട്ടി, കോതമംഗലം താലൂക്കുകളിലെ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.