“അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരം; ഇറാനെതിരെ ഇനിയും ആക്രമണം ഉണ്ടായാല്‍ അമേരിക്ക കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും; വെടിനിര്‍ത്തലിനു പിന്നാലെ ആദ്യമായി പ്രതികരിച്ച് ആയത്തുള്ള അലി ഖമേനി

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ ആദ്യമായി പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. എക്‌സില്‍ പങ്കുവെച്ച കുറിപ്പുകളിലൂടെയായിരുന്നു ഖമേനിയുടെ പ്രതികരണം. ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ ഇറാന്‍ വിജയം നേടിയെന്ന് എക്‌സില്‍ പങ്കുവെച്ച ആദ്യ കുറിപ്പില്‍ ഖമേനി പറയുന്നു.lpp അമേരിക്കയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണിത്. യുദ്ധത്തില്‍ ഇടപെട്ടതുകൊണ്ട് അമേരിക്കയ്ക്ക് പ്രത്യേകിച്ച് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. ഇറാനെതിരെ ഇനിയും ആക്രമണം ഉണ്ടായാല്‍ അമേരിക്ക കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഖമേനി പറഞ്ഞു.

Advertisements

അമേരിക്കന്‍ ഭരണകൂടത്തിനെതിരായ യുദ്ധത്തിലും ഇറാന്‍ വിജയം കൈവരിച്ചുവെന്നും ഖമേനി മറ്റൊരു പോസ്റ്റില്‍ പറഞ്ഞു. സയണിസ്റ്റ് ഭരണകൂടം പൂര്‍ണമായും തകരും എന്നുകരുതിയാണ് അമേരിക്ക യുദ്ധത്തില്‍ നേരിട്ട് ഇടപെട്ടത്. സയണിസ്റ്റ് ഭരണകൂടത്തെ രക്ഷിക്കാന്‍ യുദ്ധത്തില്‍ പങ്കാളിയായ അമേരിക്കയ്ക്ക് പ്രത്യേകിച്ചൊന്നും നേടാന്‍ കഴിഞ്ഞില്ലെന്നും ഖമേനി പറഞ്ഞു. ജൂണ്‍ പതിനെട്ടിനായിരുന്നു ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഖമേനിയുടെ അവസാന പ്രതികരണമുണ്ടായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിന് ശേഷം അദ്ദേഹം പൊതു പ്രസ്താവനകളൊന്നും നടത്തിയിരുന്നില്ല. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഖമേനി എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. അദ്ദേഹം ബങ്കറിലാണെന്നുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതിനിടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐഎഇഎ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിച്ചു. പാര്‍ലമെന്റിന്റെ തീരുമാനം ഗൗര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി രാജ്യത്ത് പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം നിര്‍ത്തിയതായി ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ വക്താവ് ഹാദി തഹാന്‍-നാസിഫ് വ്യക്തമാക്കിയിട്ടുണ്ട്. 

ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുന്‍പ് അന്താരാഷ്ട്ര ആണവോര്‍ജവുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിച്ചിരുന്നു. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. പാര്‍ലമെന്റിലെ മുഴുവന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ഈ ബില്ല് പിന്നീട് ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകരാരത്തിന് വിടുകയായിരുന്നു. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ നിയമമാകും.

ഇക്കഴിഞ്ഞ ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പൂഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ആദ്യഘട്ടത്തില്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇറാന് നഷ്ടമായത്. ആണവ ശാസ്ത്രജ്ഞര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പിന്നാലെ ഇസ്രയേലിനെതിരെ ഇറാനും ശക്തമായ തിരിച്ചടി നല്‍കി. തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ശാസ്ത്രഹൃദയവും സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന്‍ ശക്തമായ ആക്രമണം നടത്തി. ഇതിനിടെയാണ് അമേരിക്ക ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായത്. ഇതോടെ സംഘര്‍ഷത്തിന് പുതിയമാനം വന്നു. ഇറാനെതിരായ അപ്രതീക്ഷിത ആക്രമണത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ലോക രാജ്യങ്ങള്‍ രംഗത്തുവന്നു. ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ആക്രമണം നടന്നതോടെ അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു. ഖത്തറും വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ പങ്കാളികളായി എന്നായിരുന്നു പുറത്തുവന്ന വിവരം.

Hot Topics

Related Articles