കോട്ടയം : കോട്ടയം പള്ളിക്കത്തോട്ടിൽ ലഹരിയുടെ വീര്യത്തിൽ അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ലഹരിയിൽ നിന്നും മകനെ മോചിതനാകാൻ മന്ത്രവാദം അടക്കമുള്ള പൂജകൾക്ക് അമ്മ കൊണ്ടുപോയിരുന്നതായാണ് പോലീസിന് ലഭിക്കുന്ന വിവരം.ഇത് അടക്കമുള്ളവ പ്രതിയെ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു.ഇതേ തുടർന്നാണ് കഴിഞ്ഞദിവസം രാത്രിയിൽ അതിക്രൂരമായ കൊലപാതകം നടത്തിയത് എന്നാണ് വിവരം.ഇന്നലെ രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം ഉണ്ടായത്.
പള്ളിക്കത്തോട് എട്ടാം വാർഡ് ഇളമ്പള്ളിയിൽ പുല്ലാന്നിതകിടിയിൽ ആടുകാണിയിൽ വീട്ടിൽ സിന്ധു (45) വിനെ ആണ് കൊലപ്പെടുത്തിയത്. പ്രതിയായ മകൻ അരവിന്ദിനെ (23) പള്ളിക്കത്തോട് സ്റ്റേഷൻ ചുമതലയുള്ള പാമ്പാടി എസ്എച്ച്ഒ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് അറസ്റ്റ് ചെയ്തു. സംഭവസ്ഥലത്ത് വെച്ച് തന്നെ പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വാക്കത്തിയും പോലീസ് സംഘം കണ്ടെടുത്തു.കാഞ്ഞിരപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.