വിദ്യാലയങ്ങളിലെ സൂംബ ട്രെയിനിംഗ്; “ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല”; രാഹുൽ മാങ്കൂട്ടത്തിൽ

ആലപ്പുഴ: വിദ്യാലയങ്ങളിലെ സൂംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യ പരിപാലനം അനിവാര്യമാണ്. ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല. യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകൾ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പഠനക്യാമ്പിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. അതേസമയം, സൂംബയുമായി മുന്നോട്ട് പോവുകയാണ് സർക്കാർ. 

Advertisements

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ നിന്ന് എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ്. ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും. ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത്. ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂംബയിൽ ചർച്ച് ചെയ്തു തെറ്റിധാരണ നീക്കാൻ തയ്യാറാണ്. എന്നാൽ തീരുമാനത്തിൽ നിന്നും പിന്നോട്ടില്ല ഇതൊന്നും വിവാദം ആക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഓരോ സ്കൂളിന്‍റേയും സാഹചര്യം അനുസരിച്ചാണ് ഇത് നടപ്പാക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പിന്‍റെ പരിഷ്കാരണങ്ങൾക്കെതിരെ എതിർപ്പ് കൊണ്ടു വരുന്നവർക്ക് അജണ്ടകൾ ഉണ്ടാകാം. സൂംബയിൽ വ്യക്തിപരമായി ഏതെങ്കിലും കുട്ടിക്ക് പങ്കെടുക്കാൻ കഴിയില്ലെങ്കിൽ സ്കൂൾ അധികൃതരെ അറിയിച്ചാൽ മതി. സ്കൂളുകൾക്ക് ഇതിൽ നിന്നും മാറി നിൽക്കാൻ കഴിയില്ല. അൽപ വസ്ത്രം ധരിച്ചാണ് കുട്ടികൾ ഇടപഴകുന്നത് എന്നു പറയുന്നത് വൃത്തികെട്ട കണ്ണ് കൊണ്ടു നോക്കുന്നതിനാലാണ്. രാഷ്ട്രീയമാണ് ഈ വിഷയം എങ്കിൽ രാഷ്ട്രീയമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

വിവാദങ്ങൾ ലഹരിയെക്കാൾ കൊടിയ വിഷമാണ്. സ്കൂളിൽ കുട്ടികൾ യൂണിഫോമിലാണ് സൂംബ ചെയ്യുന്നത്. കുട്ടികൾ നിർബന്ധമായും പങ്കെടുക്കണം. ഇത്തരംവിവാദം ഭൂരിപക്ഷ വർഗ്ഗീയതയെ ശക്തിപ്പെടുത്തും. ഇത്തരം ആരോഗ്യകരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം. ഇന്ത്യയിൽ ഹിജാബിനെതിരെ ക്യാമ്പയിൻ നടന്നപ്പോൾ പുരോഗമന പ്രസ്ഥാനങ്ങൾ നിലപാട് എടുത്തു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാട് സ്വീകരിക്കുന്നു. അത് ഭൂരിപക്ഷ വർഗീയത വളർത്താനെ ഉപകരിക്കൂ. ആരോഗ്യകരമായ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles