മഞ്ചേശ്വരം : വൊർക്കാടി നല്ലങ്കിയില്‍ അമ്മയെ മകൻ തീകൊളുത്തി കൊന്ന സംഭവത്തില്‍ വഴിത്തിരിവ്. അമ്മയുടെ പേരിലുള്ള വീടും സ്ഥലവും ബാങ്ക് വായ്പ എടുക്കുന്നതിന് വേണ്ടി എഴുതിക്കൊടുക്കാത്തതിലുള്ള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൊല്ലപ്പെട്ട ഹില്‍ഡ മൊന്തേരയുടെ മകൻ മെല്വിൻ മൊന്തേരോ പോലീസിന് മൊഴി നല്കി.വിവാഹം കഴിക്കുന്നതിന് വേണ്ടി വായ്പ എടുക്കുന്നതിനാണ് വീടും സ്ഥലവും ആവശ്യപ്പെട്ടതെന്നും ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ 1.30-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.മദ്യപിച്ച് വീട്ടിലെത്തിയ മെല്വിൻ അമ്മയെ മർദിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന തിന്നർ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം വീടിന് പിറകിലെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
തുടർന്ന് ഇവരുടെ അയല്‍വാസിയും ബന്ധുവുമായ ലോലിറ്റയുടെ വീട്ടിലെത്തി അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വീട്ടിനകത്ത് കടന്നയുടൻ ലോലീറ്റയേയും പ്രതി മർദിക്കുകയും തീകൊളുത്തുകയും ചെയ്തു ഇതിനിടയില്‍ ഓടിരക്ഷപ്പെട്ട ഇവർ അയല്‍ക്കാരെ വിവരമറിയിച്ചു. വീടും സ്ഥലവും തനിക്ക് തരാതിരിക്കാൻ അമ്മയ്ക്കൊപ്പം ഇവരുടെ ഇടപെടലുമുണ്ടെന്നും അതിനാലാണ് ലോലിറ്റയെ ആക്രമിച്ചതെന്നും പോലീസിന് നല്കിയ മൊഴിയില്‍ മെല്വിൻ പറയുന്നു. സംഭവത്തിനുശേഷം മംഗളൂരുവിലേക്ക് കടന്ന പ്രതിയെ വ്യഴാഴ്ച ഉച്ചയോടെ ബൈന്ദൂരില്നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.