കൊച്ചി: ചിന്തകൻ കെ. എം. സലിംകുമാർ അന്തരിച്ചു. പുലർച്ചെ 2. 45 ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം പഞ്ചായത്തിൽ കുന്നത്തു മാണിക്കൻ്റെയും കോതയുടെയും മകനായി 1949 മാർച്ച് 10ന് ജനനം. കൊലുമ്പൻ പുത്തൻപുരയ്ക്കൽ വളർത്തച്ഛനായിരുന്നു. നാളിയാനി ട്രൈബൽ എൽ. പി. സ്കൂൾ, പൂച്ചപ്ര, അറക്കുളം യു.പി. സ്കൂൾ, മൂലമറ്റം ഗവർമെൻറ് ഹൈസ്കൂൾ, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.
1969ൽ എറണാകുളം മഹാരാജാസ് കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ നക്സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു. തുടർന്ന് രണ്ടു പതിറ്റാണ്ട് കാലം സി.ആർ.സി, സി.പി.ഐ.(എം.എൽ) പ്രസ്ഥാനത്തിന്റെ സംഘാടകരിൽ ഒരാളായിരുന്നു. 1975 ൽ അടിയന്തരാവസ്ഥ കാലത്ത് 17 മാസം ജയിൽവാസം അനുഭവിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ ആഭിമുഖ്യത്തിൽ 1989ൽ വൈക്കത്ത് മനുസ്മൃതി ചുട്ടെരിച്ചുകൊണ്ട് ദലിത് സംഘടന പ്രവർത്തനത്തിൽ കേന്ദ്രീകരിച്ചു. അധഃസ്ഥിത നവോത്ഥാന മുന്നണി (സംസ്ഥാന കൺവീനർ), ദലിത് ഐക്യ സമിതി (സംസ്ഥാന കൺവീനർ), കേരള ദലിത് മഹാസഭ (സംസ്ഥാന സെക്രട്ടറി) എന്നീ സംഘടനകളുടെ മുൻനിര പ്രവർത്തകനായിരുന്നു. അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിൻ, ദലിത് ഐക്യ ശബ്ദം ബുള്ളറ്റിൻ, ദലിത് മാസിക എന്നിവയുടെയും എഡിറ്റർ ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംവരണവും സമവായത്തിന്റെ രാഷ്ട്രീയവും (2006), ദലിത് പ്രത്യയശാസ്ത്രവും സമുദായവൽക്കരണവും, ഭൂമിയുടെ ജാതിയും രാഷ്ട്രീയവും നെഗ്രിറ്റ്യൂഡ്, സംവരണം ദലിത് വീക്ഷണത്തി, ദലിത് ജനാധിപത്യ ചിന്ത, ഇതാണ് ഹിന്ദു ഫാസിസം, വംശമേധാവിത്വത്തിൻ്റെ സൂക്ഷ്മതലങ്ങൾ എന്നീ പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. ‘കടുത്ത’ എന്ന പേരിലുളള ആത്മകഥാ രചന പൂർത്തിയാക്കി. പങ്കാളി പരേതാ ആനന്ദവല്ലി, മക്കൾ: ഡോ. പി.എസ്. ഭഗത്, പി.എസ്. ബുദ്ധ, മരുമകൻ: ഗ്യാവിൻ ആതിഷ്, പേരക്കുട്ടികൾ: ഭൂമിക, ഈതൽ ഘയാൽ.