അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് 274 പേർ മരിച്ച സംഭവത്തിൽ, അട്ടിമറി ഉൾപ്പെടെ എല്ലാ വശങ്ങളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി മുരളീധർ മോഹോൾ. അപകടത്തിൽപ്പെട്ട എഐ 171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) കസ്റ്റഡിയിലാണ്. വിശദമായ പരിശോധനയ്ക്കായി ഇത് വിദേശത്തേക്ക് അയക്കില്ലെന്ന് മന്ത്രി പറഞ്ഞു. എൻഡിടിവിയുടെ എമർജിംഗ് ബിസിനസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൗർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. എഎഐബി സമഗ്രമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറിയുണ്ടോ എന്നത് ഉൾപ്പെടെ അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അപകടം അപൂർവ സംഭവമാണെന്ന് മന്ത്രി മുരളീധർ മോഹോൾ പറഞ്ഞു. രണ്ട് എഞ്ചിനുകളും ഒരേ സമയം നിന്നുപോകുന്നത് ഇതിനുമുമ്പ് സംഭവിച്ചിട്ടില്ല. അന്വേഷണ റിപ്പോർട്ട് വന്നുകഴിഞ്ഞാൽ മാത്രമേ എഞ്ചിൻ പ്രശ്നമാണോ ഇന്ധന വിതരണത്തിലെ പ്രശ്നമാണോ എന്നെല്ലാം അറിയൂ. ബ്ലാക്ക് ബോക്സിലെ സിവിആറിൽ (കോക്ക്പിറ്റ് വോയിസ് റെക്കോർഡർ) ഇരു പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പതിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒന്നും പറയാനാവില്ല. മൂന്ന് മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് വരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം ബ്ലാക് ബോക്സ് പരിശോധനയ്ക്കായി വിദേശത്തേക്ക് അയക്കുമെന്ന റിപ്പോർട്ടുകൾ മന്ത്രി തള്ളി. അത് എഎഐബിയുടെ കസ്റ്റഡിയിലാണ്. പുറത്തേക്ക് അയക്കേണ്ട ആവശ്യമില്ല. അന്വേഷണം ഇവിടെത്തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.എയർ ഇന്ത്യ ദുരന്തത്തിന് പിന്നാലെ യാത്രക്കാർക്ക് വിമാന യാത്രയെക്കുറിച്ച് ആശങ്കയുണ്ടായത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) 33 ഡ്രീംലൈനറുകളും പരിശോധിച്ച് എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു.
ജൂൺ 12-ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ ബോയിംഗ് ഡ്രീംലൈനർ വിമാനമാണ് തകർന്നത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തകരുകയായിരുന്നു. ഉച്ചയ്ക്ക് 1.30 ഓടെ വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. പ്രദേശത്തെ ബിജെ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളുടെ ഹോസ്റ്റർ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചിറങ്ങി. മരിച്ചവരിൽ ഒൻപത് വിദ്യാർത്ഥികളുമുണ്ട്.