ആലപ്പുഴ : മഴ കുറഞ്ഞെങ്കിലും റോഡുകളും സ്കൂളുകളും ഇപ്പോഴും വെള്ളത്തിൽ മുങ്ങി കിടക്കുന്നതിനാൽ കുട്ടനാട് താലൂക്കിൽ ദുരിതം. മഴയ്ക്ക് നേരിയ ശമനം വന്നതോടെ അവധി പ്രഖ്യാപിക്കാൻ കളക്ടർ തയ്യാറാകാതിരുന്നതോടെ നാളെ എങ്ങനെ സ്കൂളുകളിൽ എത്തും എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ കുട്ടികളെ എങ്ങനെ സ്കൂളിൽ എത്തിക്കും എന്ന ചിന്തയിൽ ആശങ്കാകുലരാണ് മാതാപിതാക്കളും. കുട്ടനാട് താലൂക്കിലെ പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളമിറങ്ങിയിട്ടില്ല. റോഡ് ഗതാഗതവും പഴയതോതിൽ ആയിട്ടില്ല. ഈ സാഹചര്യത്തിൽ സ്കൂളുകളിൽ വിദ്യാർഥികൾ എങ്ങനെ എത്തും എന്നാണ് അധ്യാപകർ ചോദിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം ഇപ്പോഴും വെള്ളം നിറഞ്ഞു കിടക്കുകയാണ്. വെള്ളപ്പൊക്കം കാരണം സ്കൂളുകളിലേക്ക് എത്താൻ ആവില്ലെന്ന് വിദ്യാർത്ഥികളിൽ പലരും ഇതിനോടകം തന്നെ അധ്യാപകരെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സ്കൂളുകളിലെ പകുതിയിൽ അധികം വിദ്യാർത്ഥികളും വെള്ളപ്പൊക്ക ദുരിതം നേരിടുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാർ ജില്ലാ കളക്ടറോട് ആവശ്യപ്പെടുന്നത്.
നാട് മുഴുവൻ വെള്ളം : സ്കൂളുകളും റോഡുകളും വെള്ളത്തിൽ മുങ്ങി : എന്നിട്ടും അവധി പ്രഖ്യാപിക്കാതെ സർക്കാർ : കുട്ടനാട് താലൂക്കിൽ ദുരിതം
