പത്തനംതിട്ട :
2024 ആഗസ്റ്റ് 10ന് റാന്നി സെന്റ് തോമസ് കോളേജില്‍ വെച്ച് വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തില്‍ നടന്ന മെഗാ ജോബ് ഫെയറിലൂടെ എല്‍ & റ്റി എന്ന കമ്പനിയുടെ ചെന്നൈ യൂണിറ്റില്‍ 72 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. ഇതോടൊപ്പം മറ്റ് ജില്ലകളില്‍ കേരള നോളജ്ജ് ഇക്കോണമി മിഷന്റെ നേതൃത്വത്തില്‍ നടന്ന ജോബ് ഫെയറിലൂടെയും ഒട്ടനവധി പേര്‍ക്ക് ഇതേ കമ്പനിയില്‍ തന്നെ ജോലി ലഭിച്ചിരുന്നു. 15000 മുതല്‍ 25000 രൂപ വരെ പ്രതിമാസ ശമ്പളത്തിന് ജോലി കരസ്ഥമാക്കിയ ഇവര്‍ മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം 6 മാസത്തോളമായി കമ്പനിയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
ഇവരില്‍ 8 പേരെ ഇപ്പോള്‍ എല്‍ & റ്റി യുടെ ദുബൈ പ്രോജക്റ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.
റാന്നി സെന്റ് തോമസ് കോളേജില്‍ വെച്ച് വിജ്ഞാന പത്തനംതിട്ടയുടെ നേതൃത്വത്തില്‍ നടന്ന മെഗാ ജോബ് ഫെയറിലൂടെ തിരഞ്ഞെടുക്കപ്പെട്ട 4 പേര്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ട്. വിനീത് വിജയന്‍, ജെഫിന്‍ വി വര്‍ഗ്ഗീസ്, അനന്ത വിഷ്‍ണു, രാഹുല്‍ ആര്‍ നായര്‍ എന്നിവരാണിവര്‍. താമസ സൗകര്യം, ഭക്ഷണം, ഓവര്‍റ്റൈം-അവധി ദിന അലവന്‍സുകള്‍ എന്നിവയുള്‍പ്പടെ പ്രതിമാസം ഒരു ലക്ഷത്തിനു മുകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ജോലിയിലേക്കാണ് ഇവര്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മെഡിക്കല്‍ ചെക്കപ്പ്, വിസ, ഫ്ളൈറ്റ് ടിക്കറ്റ് എന്നിവക്കുണ്ടാകുന്ന ചിലവ്, ഈ ഉദ്യോഗാര്‍ത്ഥികള്‍ ദുബൈ പ്രോജക്റ്റില്‍ ജോയിന്‍ ചെയ്തു കഴിയുമ്പോള്‍ കമ്പനി മടക്കി നല്‍കും. വരുന്ന ജൂലൈ 2 നാണ് ഇവര്‍ പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കുന്നതിന് യാത്രയാവുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവല്ലയില്‍ നടന്ന ഹയര്‍ ദി ബെസ്റ്റിന്റെ പ്രാദേശിക തൊഴില്‍ മേളയില്‍ വെച്ച് വിനീത് വിജയനെ അനുമോദിക്കുകയും, അദ്ദേഹത്തിന്റെ വിമാന ടിക്കറ്റുള്‍പ്പടെയുള്ള രേഖകള്‍ പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനു സി കെ യും, മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു കൂടത്തിലും സംയുക്തമായി കൈമാറുകയും ചെയ്തു. മറ്റുള്ളവരെയെല്ലാം വിജ്ഞാന പത്തനംതിട്ടയുടെ പ്രവര്‍ത്തകര്‍ നേരില്‍ കണ്ട് അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പദ്ധതിയില്‍ സജീവ തൊഴിലന്വേഷകരായി ഇതു വരെ റജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ 8500 പേരാണ്. ഇവരില്‍ 6500 പേര്‍ ജില്ലയില്‍ നടന്ന 11 ജോബ് ഫെയറുകളിലും, 11 വിര്‍ച്വല്‍ ജോബ് ഫെയറുകളിലും, 55 മിനി ജോബ് ഡ്രൈവുകളിലുമായി പങ്കെടുത്തിട്ടുണ്ട്. പദ്ധതി വഴി ഇതു വരെ ജില്ലയിലെ 1910 പേര്‍ക്ക് നിയമന ഉത്തരവുകള്‍ കൈമാറിയിട്ടുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെയുള്‍പ്പടെയുള്ളവരുടെ അടുത്ത ഘട്ട സ്ക്രീനിങ്ങ് നടപടികള്‍ പുരോഗമിച്ചു വരികയാണ്.
കേരളത്തിലേയും, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി പ്രമുഖ കമ്പനികളാണ് വിജ്ഞാന കേരളവുമായി സഹകരിച്ച് തൊഴിലവസരങ്ങള്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്.
തൊഴിലന്വേഷകര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനാവശ്യമായ വിവിധ പരിശീലനങ്ങള്‍ സൗജന്യമായി പദ്ധതി വഴി തുടര്‍ച്ചയായി ലഭ്യമാക്കുന്നുണ്ട്. ജില്ലയിലെ വിവിധ ആര്‍ട്ട്സ് & സയന്‍സ്സ് കോളേജുകള്‍, എഞ്ചിനീയറിങ്ങ് കോളേജുകള്‍, പോളിടെക്‍നിക്ക് കോളേജുകള്‍, ഐ റ്റി ഐ, മെഡിക്കല്‍-പാരാമെഡിക്കല്‍ കോളേജുകള്‍ എന്നിവ വഴി അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക്, കോഴ്‍സ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ക്യാമ്പസ്സ് പ്ളേസ്സ്മെന്റ് വഴി അനുയോജ്യമായ തൊഴില്‍ ലഭിക്കുന്നതിന് ഓരോ വിദ്യാര്‍ത്ഥിക്കും സ്ഥാപനത്തിനും തിരഞ്ഞെടുക്കാവുന്ന നിലയിലുള്ള നൈപുണ്യ പരിശീലന പരിപാടികള്‍ക്കും ജില്ലയില്‍ തുടക്കമിട്ടിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിലെ പ്രാദേശിക തൊഴിലവസരങ്ങളില്‍ താത്പര്യമുള്ള തൊഴിലന്വേഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനും അപേക്ഷിക്കുന്നതിനും കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി അവസരമൊരുക്കുന്ന ഹയര്‍ ദി ബെസ്റ്റ് പദ്ധതിയും വിജയകരമായി നടന്നു വരികയാണ്. ജില്ലയില്‍ നടന്ന രണ്ട് പ്രാദേശിക തൊഴില്‍ മേളകള്‍ വഴി ഇതു വരെ 211 പേര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ 365 പേരെ അടുത്ത ഘട്ടത്തിലേക്കുള്ള അഭിമുഖത്തിന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അടുത്ത പ്രാദേശിക തൊഴില്‍ മേള ജൂലൈ 8ന് പന്തളം ബ്ളോക്കില്‍ വെച്ച് നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്. അടൂര്‍ മുനിസ്സിപ്പാലിറ്റി, പന്തളം മുനിസ്സിപ്പാലിറ്റി, പറക്കോട് ബ്ളോക്ക്, പന്തളം ബ്ളോക്ക് എന്നീ പ്രദേശങ്ങളിലെ സ്ഥാപനങ്ങളും, തൊഴിലന്വേഷകരുമാണ് പ്രധാനമായി ഇതില്‍ പങ്കെടുക്കുക.