ടെഹ്റാൻ: ഓപ്പറേഷൻ ‘റൈസിങ് ലയണി’ന്റെ ഭാഗമായി ഇസ്രയേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.ഇറാനിയൻ മാധ്യമം തന്നെയാണ് സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവിട്ടത്. ഒരേസമയത്ത് ടെഹ്റാൻ നഗരത്തിന്റെ രണ്ടിടങ്ങളില്‍ സ്ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കാറുകളടക്കമുള്ളവ കെട്ടിടങ്ങളുടെ ഉയരത്തില്‍ തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ടെഹ്റാനില്‍ നടത്തിയ വ്യോമാക്രമണം എന്ന വിധത്തിലാണ് വ്യാഴാഴ്ച വീഡിയോ പുറത്തുവന്നത്. തെരുവിലെ രണ്ടിടങ്ങളിലായി സെക്കൻഡ് വ്യത്യാസത്തില്‍ നടക്കുന്ന ഉഗ്രസ്ഫോടനമാണ് സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ആദ്യം ഒരു കെട്ടിടത്തിലും പിന്നീട് ഒരു വാഹന പാർക്കിങ് പ്രദേശത്തുമാണ് സ്ഫോടനമുണ്ടായത്. നാശനഷ്ടത്തിന്റെ വ്യാപ്തി എത്ര വലുതാണെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഫോടനത്തിന്റെ ആഘാതത്തില്‍ കാറുകളടക്കം ഉയരത്തിലേക്ക് തെറിച്ച് ചിന്നിച്ചിതറി താഴേക്ക് വീഴുന്നുണ്ട്. സ്ഫോടനം നടക്കുന്ന സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ പോവുന്നതും ദൃശ്യങ്ങളില്‍ കാണാം. കാല്‍നടയാത്രക്കാരടക്കമുള്ള തിരക്കേറിയ നഗരഭാഗത്താണ് സ്ഫോടനം നടന്നതെന്നതിനാല്‍ ആള്‍നാശം സംഭവിച്ചിരിക്കാനുള്ള സാധ്യത ഏറെയാണ്. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സ്ഫോടനശേഷം ചുറ്റും പുകപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതും വീഡിയോയില്‍ കാണാം.
അതിനിടെ പൈപ്പ്ലൈനുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ച മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഇത് ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെടുന്നതിന് കാരണമായി. ജൂണ്‍ 13-നാണ് ഇസ്രയേല്‍ ഇറാൻ സംഘർഷം ആരംഭിച്ചത്. ഓപ്പറേഷൻ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ തുടക്കമിട്ട സംഘർഷം 12 ദിവസത്തോളം നീണ്ടുനിന്നു. ഇരുരാജ്യങ്ങളിലും ആള്‍നാശമുള്‍പ്പെടെ കനത്ത നാശനഷ്ടമാണ് സംഘർഷംകൊണ്ട് ബാക്കിയായത്.