പാലക്കാട്: പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവിനും പനി. 10 വയസുള്ള കുട്ടിയ്ക്കാണ് പനി ബാധിച്ചത്. കുട്ടിയെ നിലവിൽ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. അതേ സമയം, നാട്ടുകല്ലിലെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ രംഗത്തെത്തി.
യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ 4 വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവ്വേ നടത്തും. നിപ രോഗ ലക്ഷണങ്ങൾ 2 മാസത്തിനിടെ ആർക്കെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. ഇന്നും നാളെയും 75 അംഗ സംഘം സർവ്വേയാണ് നടത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ, പാലക്കാട് നിപ ബാധിതയുടെ റൂട്ട് മാപ്പും തയാറാക്കിയിരുന്നു. യുവതി ആദ്യം ചികിത്സ തേടിയത് പാലോട് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെ എത്തിയത് സ്വന്തം കാറിലാണ്. പിന്നീട് കരിങ്കല്ലത്താണിയിലും മണ്ണാർക്കാടും ചികിത്സ തേടി. പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ജൂലായ് ഒന്നിനാണ്.
ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്.