തിരുവനന്തപുരം: കേരളത്തിലെ പ്രശസ്തമായ വരയാടുമൊട്ട ട്രെക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചു. മേഖലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെക്കിംഗ് താത്ക്കാലികമായി നിർത്തിവെച്ചതായാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 40 കിലോ മീറ്റർ അകലെയാണ് വരയാടുമൊട്ട സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ പൊന്മുടി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ മലയാണ് വരയാടുമോട്ട. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വരയാട് എന്നറിയപ്പെടുന്ന നീലഗിരി താറിന്റെ ചെറിയൊരു വിഭാഗം ഇവിടെയുണ്ട്. എന്നാൽ, ഇവ അപൂർവ്വമായി മാത്രമേ സഞ്ചാരികളുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിത്യഹരിത ഷോല വനങ്ങളിലൂടെയുള്ള ഒരു നീണ്ട ട്രെക്കിംഗിനൊടുവിലാണ് വരയാടുമൊട്ടയിലെത്തുക. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഗൈഡഡ് ട്രെക്കിംഗ് പ്രോഗ്രാമാണിത്. തിരുവനന്തപുരത്തെ ഏറ്റവും ദുഷ്കരമായ ട്രെക്കിംഗുകളിലൊന്നായാണ് വരയാടുമൊട്ട കണക്കാപ്പെടുന്നത്. ഒരു വശത്തേയ്ക്ക് മാത്രം 18 കിലോമീറ്റർ ട്രെക്കിംഗുണ്ട്. വഴുക്കലുള്ള പാതകളും അഗാധ ഗർത്തങ്ങളുമെല്ലാം താണ്ടി അത്യന്തം കഠിനമായ ട്രെക്കിംഗിനൊടുവിലാണ് വരയാടുമൊട്ടയിലെത്തുക.
1,100 മീറ്റർ ഉയരമുള്ള വരയാടുമൊട്ടയുടെ നെറുകയിലെത്തിയാൽ കാണുന്ന കാഴ്ചകൾ ആരെയും വിസ്മയിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വരയാടുമോട്ടയിൽ വിജയകരമായി കയറിക്കഴിഞ്ഞാൽ ചുറ്റുമുള്ള മലകളുടെയും താഴ്വരകളുടെയും അതിശയകരമായ കാഴ്ചകൾ നിങ്ങൾക്ക് ലഭിക്കും. ഗോൾഡൻ വാലിയിൽ നിന്നും പൊന്മുടിയിൽ നിന്നുമാണ് വരയാടുമൊട്ടയിലേയ്ക്കുള്ള ട്രെക്കിംഗ് പാക്കേജ് ലഭ്യമാകുന്നത്. പാക്കേജിൽ ഭക്ഷണം ഉൾപ്പെടുന്നില്ല. ഏകദേശം 12 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ട്രെക്കിംഗ് അനുഭവമാണ് നിങ്ങൾക്ക് വരയാടുമൊട്ടയിലേയ്ക്കുള്ള യാത്ര സമ്മാനിക്കുക.