ടെഹ്റാൻ: ഇസ്രയേല്‍ വീണ്ടും യുദ്ധത്തിനിറങ്ങിയാല്‍ വിനാശകരമായ തിരിച്ചടിയാകും ഇറാന്റെ ഭാഗത്ത് നിന്നുണ്ടാകുകയെന്ന് അവരുടെ സൈനിക മേധാവി മേജർ ജനറല്‍ അബ്ദുല്‍ റഹീം മൗസാവി. ആ തിരിച്ചടിയില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അമേരിക്കയ്ക്ക് പോലും സംരക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ടെഹ്റാനില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ഇറാൻ സായുധസേനയുടെ മേധാവിയുടെ അവകാശവാദം.
‘രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി നല്കിയ ഒരു നിർദേശത്തിന് അനുസൃതമായി പ്രത്യാക്രമണത്തിന് ഇറാൻ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ അത് നടപ്പാക്കാൻ അവസരം ലഭിച്ചില്ല. പക്ഷേ വീണ്ടും ഇസ്രയേലി അതിക്രമമുണ്ടായാല്‍ രാജ്യം തീർച്ചയായും അത് നടപ്പാക്കും’ ഇറാൻ സൈനിക മേധാവി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘അവർ ഇറാനെ വീണ്ടും ആക്രമിച്ചാല്‍, ഞങ്ങള്‍ക്ക് എന്തുചെയ്യാൻ കഴിയുമെന്ന് അവർ കാണും. ആ ഘട്ടത്തില്‍ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അമേരിക്കയ്ക്ക് പോലും രക്ഷിക്കാൻ കഴിഞ്ഞേക്കില്ല’ അദ്ദേഹം കൂട്ടിച്ചേർത്തു. സൈന്യത്തിനൊപ്പം രാജ്യത്തെ ജനങ്ങളും ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തില്‍ ഐക്യത്തോടെ ഉറച്ച് നിന്നുവെന്നും മൗസാവി പറഞ്ഞു. ഇറാനിയൻ ജനത അതിന്റെ അന്തസ്സും സ്വാതന്ത്ര്യവും എളുപ്പത്തില്‍ നേടിയെടുത്തതല്ല, ബാലഘാതകരായ ഭീകരരെ അവരുടെ സ്ഥാനത്ത് എത്തിക്കും വരെ അടങ്ങിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേല്‍ 15 വർഷമായി ഇറാനെതിരെ യുദ്ധം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും സൈനിക മേധാവി പറഞ്ഞു. ‘അവർ ഇറാനകത്ത് ചില നുഴഞ്ഞുകയറ്റക്കാരെ സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നു, കൂടാതെ വിശദമായ ഒരു പദ്ധതി തയ്യാറാക്കുകയും ചെയ്തിരുന്നു. ഈ പദ്ധതി, രാജ്യത്തെ നശിപ്പിക്കാനും അതിനെ ശിഥിലമാക്കാനും ലക്ഷ്യമിട്ടുള്ളതായിരുന്നു. എന്നാല്‍ ലക്ഷ്യം കാണാൻ അവർക്കായില്ല. പരമോന്നത നേതാവിന്റെ വിവേകത്തേയും ജനങ്ങളുടെ ഇച്ഛാശക്തിയെയും സായുധ സേനയുടെ ശക്തിയെയും ശത്രുക്കള്‍ കുറച്ചുകണ്ടു.’ ഇറാൻ സൈനിക മേധാവി മൗസാവി കൂട്ടിച്ചേർത്തു.