തൃശൂർ : തൃശൂരില്‍ പൊലീസിനെ പ്രകീർത്തിച്ച് കമ്മീഷ്ണറുടെ പേരില്‍ റോഡിന് പേരിട്ട് നാട്ടുകാർ. കമ്മീഷണർ ഇളങ്കോയുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്.വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ബോർഡ് നീക്കം ചെയ്തു. അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചത് കൊണ്ടാണ് പൊലീസ് ബോർഡ് എടുത്ത് മാറ്റിയത്.
കഴിഞ്ഞ ദിവസം സ്ഥലത്ത് പൊലീസും ഗുണ്ടകളും തമ്മില്‍ സംഘർഷം ഉണ്ടായിരുന്നു. ഗുണ്ടകളെ അമർച്ച ചെയ്ത സംഭവത്തിലാണ് കമ്മീഷണറുടെ പേരില്‍ ബോർഡ് വച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ വൈകിട്ടോടെയാണ് തൃശൂർ നെല്ലങ്കരയില്‍ ഇളങ്കോ നഗർ എന്ന പേരില്‍ ബോർഡ് പ്രത്യക്ഷപ്പെട്ടത്. കോർപ്പറേഷന്റെയോ പൊലീസിന്റെയോ അനുമതിയില്ലാതെയാണ് നാട്ടുകാർ ബോർഡ് സ്ഥാപിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവരം അറിഞ്ഞ മണ്ണുത്തി പൊലീസ് രാത്രിയില്‍ തന്നെ ബോർഡ് എടുത്തു മാറ്റി. ദിവസങ്ങള്‍ക്ക് മുൻപാണ് തൃശൂർ നെല്ലങ്കരയില്‍ പൊലീസിന് നേരെ ഗുണ്ട ആക്രമണം നടന്നത്. നെല്ലങ്കരയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ പുലർച്ചെ നടന്ന ബർത്ത് ഡേ പാർട്ടി ആഘോഷത്തിനിടെ ഗുണ്ടകള്‍ തമ്മില്‍ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതോടെ ഇ കൂട്ടത്തില്‍ ഒരാളുടെ അമ്മയാണ് വിവരം പൊലീസിനെ അറിയിച്ചത്.
പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ പൊലീസിന് നേരെ തിരിഞ്ഞു. ആക്രമണത്തില്‍ മൂന്ന് പൊലീസ് ജീപ്പുകള്‍ തകർക്കുകയും, പൊലീസുകാർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ള ആറംഗ ഗുണ്ടാസംഘത്തെ തൃശൂർ സിറ്റി പൊലീസ് സംഭവസ്ഥലത്തു നിന്നു തന്നെ ബലപ്രയോഗത്തിലൂടെ പിടികൂടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പൊലീസ് നടപടിയില്‍ വലിയ കൈയ്യടിയാണ് കമ്മീഷണർക്ക് ഉള്‍പ്പെടെ ലഭിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം സംഭവം നടന്ന നെല്ലങ്കരയില്‍ കമ്മീഷണർ ഇളങ്കോയുടെ പേരില്‍ ബോർഡ് വച്ചത്.
അതേസമയം, നെല്ലങ്കരയില്‍ റോഡിൻ്റെ പേര് തന്റെ പേരിലേക്ക് മാറ്റി എന്നറിഞ്ഞപ്പോള്‍ തന്നെ ബോർഡ് നീക്കം ചെയ്യാൻ പറഞ്ഞു. പേരിനു വേണ്ടിയും കൈയ്യടിക്കുവേണ്ടിയും പ്രവർത്തിക്കുന്ന ജോലിയല്ല പൊലീസിന്റേത് എന്നും തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ പറഞ്ഞു.