കോട്ടയം: നഗരമധ്യത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപം കല്യാൺ സിൽക്ക്സിന്റെ അരികിലുള്ള ഇടവഴിയിലെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ക്ലബിലാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടന്നത്. ക്ലബിന്റെ പേരിൽ ബോർഡ് വച്ച ശേഷമാണ് ഇവിടെ ചീട്ടുകളി നടന്നിരുന്നത്. നേരത്തെ ജാഗ്രത ന്യൂസ് ലൈവ് ഈ ചീട്ടുകളി ക്ലബിന് എതിരെ വാർത്ത നൽകിയിരുന്നു. നിയമവിരുദ്ധമായി വ്യാപകമായ രീതിയിൽ ഇവിടെ ചീട്ടുകളി നടക്കുന്നുണ്ടായിരുന്നു. ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണത്തിലാണ് ഇവിടെ ചീട്ടുകളി നടന്നിരുന്നത്. നേരത്തെ കോടിമതയിൽ ബഹുനില കെട്ടിടത്തിൽ നടത്തിയിരുന്ന ചീട്ടുകളി ക്ലബ് ജാഗ്രത ന്യൂസ് ലൈവ് വാർത്തയെ തുടർന്ന് പൂട്ടിയിരുന്നു. ഇവിടെ ചീട്ടുകളി നടത്തിയിരുന്ന സംഘമാണ് ഇപ്പോൾ കല്യാൺ സിൽക്ക്സിനു സമീപത്തെ കെട്ടിടത്തിൽ ചീട്ടുകളിയ്ക്കാനായി എത്തിയിരിക്കുന്നത്. ബൗൺസ് അടക്കമുള്ള ചീട്ടുകളി മാതൃകകളാണ് ഇവിടെ നടക്കുന്നത്. ഇത്തരത്തിൽ വ്യാപകമായി പണം വച്ച് ചീട്ടുകളി നടക്കുന്നതു സംബന്ധിച്ചു ജാഗ്രത ന്യൂസ് ലൈവ് വാർത്ത നൽകിയതിനു പിന്നാലെ കോട്ടയം വെസ്റ്റ് പൊലീസ് ക്ലബിൽ റെയ്ഡ് നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയിൽ പൊലീസ് സംഘം പരിശോധന നടത്തിയ ശേഷം , ഞായറാഴ്ച ക്ലബ് നടത്തിപ്പുകാരെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. എന്നാൽ, റെയ്ഡ് നടത്തി പൊലീസ് നടപടിയെടുത്തിട്ടും ഞായറാഴ്ചയും ഇവിടെ ചീട്ടുകളി നടന്നതായാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിൽ വ്യാപകമായി ചീട്ടുകളി നടത്തുന്നതിനു ചില ഗുണ്ടാ സംഘങ്ങളുടെ പിൻതുണയും ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. പണം കണ്ടെത്താൻ ഗുണ്ടാ സംഘങ്ങൾ ചീട്ടുകളി ക്ലബിന്റെ നടത്തിപ്പ് ഏറ്റെടുത്തതായാണ് വിവരം ലഭിക്കുന്നത്. വിഷയത്തിൽ പൊലീസ് കർശന നടപടിയെടുക്കണമെന്നാണ് പ്രദേശത്തുള്ള ആളുകളുടെ ആവശ്യം.
കോട്ടയം നഗരത്തിലെ ചീട്ടുകളി കേന്ദ്രത്തിൽ പൊലീസ് റെയ്ഡ്; പരിശോധന ജാഗ്രത ന്യൂസ് ലൈവ് വാർത്തയെ തുടർന്ന്; ചീട്ടുകളി നടന്നിരുന്നത് കല്യാൺ സിൽക്ക്സിനു സമീപത്തെ ഇടവഴിയിൽ പ്രവർത്തിക്കുന്ന ക്ലബിൽ
