തിരുവനന്തപുരം: ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
പട്ടികജാതി, പട്ടികവര്‍ഗ സംവരണത്തിന് പിന്നാലെ സുപ്രിം കോടതി ജീവനക്കാരെ നിയമിക്കുന്നതിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒബിസി) സംവരണം ഏര്‍പ്പെടുത്തിയ നടപടി സാമൂഹിക ജനാധിപത്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ്. ശാരീരിക വെല്ലുവിളി നേരിടുന്നവർ, വിമുക്ത ഭടൻമാർ, സ്വാതന്ത്ര്യസമര സേനാനികളുടെ ആശ്രിതർ എന്നിവർക്കും സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്
സുപ്രീംകോടതി ജീവനക്കാരുടെ നേരിട്ടുള്ള നിയമനത്തിൽ സുപ്രീംകോടതിയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് സംവരണം ഏർപ്പെടുത്തി സുപ്രധാന നടപടി സ്വീകരിച്ചതെന്നത് പ്രതീക്ഷാനിർഭരമാണ്.
കേന്ദ്ര സർക്കാർ നിയമനങ്ങളിൽ നിഷ്‍കർഷിച്ച ശതമാനം അനുസരിച്ചായിരിക്കും ഓരോ സംവരണ വിഭാഗങ്ങൾക്കുമുള്ള സംവരണം.ഇതു പ്രകാരം പട്ടിക ജാതിക്കാർക്ക് 15 ശതമാനവും പട്ടികവർഗത്തിന് 7.5 ശതമാനവും ഒ.ബി.സിക്ക് 27 ശതമാനവും സംവരണം ലഭിക്കും. സുപ്രീംകോടതിയിൽ ആകെ 2577 ജുഡിഷ്യൽ ഇതര ജീവനക്കാരാണുള്ളത്. സുപ്രിം കോടതിയുടെ സുപ്രധാനമായ ഈ നടപടി സാമൂഹിക സംവരണത്തിന്റെ ഭരണഘടനാ സാധുത ഒരിക്കൽ കൂടി സ്ഥാപിക്കുന്നതാണെന്നും സി പി എ ലത്തീഫ് കൂട്ടിച്ചേർത്തു.