കോട്ടയം: ചങ്ങനാശ്ശേരിയിൽ കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്ത ജനങ്ങൾക്ക് നേരെയുണ്ടായ അതിക്രമം ജില്ലയിലൊരിടത്തും ആവർത്തിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി യൂത്ത് കോൺഗ്രസ്. കെ റെയിൽ വിരുദ്ധ സമരത്തിന്റെ ഭാഗമായി അണിനിരന്ന മുൻ മന്ത്രിമാരും എംഎൽഎമാരും അടങ്ങുന്ന നേതാക്കളെയും സാധാരണക്കാരെയും തല്ലിച്ചതയ്ക്കുകയും വലിച്ചിഴയ്ക്കുകയുമാണ് പൊലീസ് ചെയ്തത്. ഇത് ജനങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ, പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ച് തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല.
ഈ സാഹചര്യത്തിൽ ജില്ലയിൽ എവിടെയും കെ റെയിൽ പദ്ധതിയുടെ ഭാഗമായി കല്ലിടുകയോ സർവ്വേ നടത്തുകയോ ചെയ്യുന്നത് അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയി പറഞ്ഞു. ജില്ലയിൽ എവിടെയെങ്കിലും ഇത്തരത്തിൽ അധികൃതർ സർവ്വേക്കല്ലിട്ടാൽ യൂത്ത് കോൺഗ്രസ് മുൻകൈയ്യെടുത്ത് ഈ കല്ല് പറിച്ചെറിയുമെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. കെ റെയിൽ വിരുദ്ധ സമരത്തിന് യൂത്ത് കോൺഗ്രസിന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു