പത്തനംതിട്ട :
കോന്നി പയ്യനാമണ്‍ താഴം വില്ലേജിലെ ചെങ്ങളം പാറമട അപകടത്തില്‍ മരിച്ച ഒഡീഷാ സ്വദേശി അജയ്കുമാർ റായിയുടെ (48) മൃതദേഹം ഇന്ന് ( ചൊവ്വ) രാത്രി 8:30 ഓടെ കണ്ടെത്തി. വൈകീട്ട് കൂടുതൽ ആധുനിക ഉപകരണങ്ങൾ എത്തിച്ച് തിരച്ചിൽ ഊർജിതമാക്കുകയായിരുന്നു. ആലപ്പുഴയിൽ നിന്നും 24 മീറ്റർ ലോങ്ങ് ബൂം ഹിറ്റാച്ചി, ഹരിപ്പാട് നിന്ന് ഇരുമ്പ് വടം, കോട്ടയത്ത് നിന്ന് ഇതിന് ആവശ്യമായ ഹുക്ക് എന്നിവ ജില്ലാ ഭരണകൂടം സജ്ജമാക്കി. തുടർന്നുള്ള തിരച്ചിലിൽ മൃതദേഹം കിട്ടി. അഗ്നിസുരക്ഷ സേനയുടെ മൂന്ന് അംഗങ്ങൾ വടം ഉപയോഗിച്ച് 20 മീറ്ററോളം താഴെ ഇറങ്ങി അപകടത്തിൽ പെട്ട ഹിറ്റാച്ചിയിൽ നിന്നും രാത്രി ഒമ്പത് മണിയോടെ മൃതദേഹം പുറത്തെടുത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ, എഡിഎം ബി ജ്യോതി, ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നേതൃത്വം നല്‍കി. പ്രതികൂല കാലവസ്ഥയേയും പാറ അടര്‍ന്ന് വീഴുന്ന അപകടകരമായ സാഹചര്യത്തെയും അതിജീവിച്ചായിരുന്നു തിരച്ചിൽ. രാത്രി ഏഴിന് ആരംഭിച്ച തിരച്ചിൽ ഒന്നര മണിക്കൂർ നീണ്ടു. രാത്രിയിലെ തിരച്ചിലിന് അഗ്നിസുരക്ഷാ സേന അസ്ക ലൈറ്റും സജ്ജമാക്കിയിരുന്നു. തിങ്കളാഴ്ച
അപകടം ഉണ്ടായ ഉടന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്നുള്ള തിരച്ചിലില്‍ ബീഹാർ സ്വദേശി മഹാദേവ് പ്രദാന്റെ മൃതദേഹം കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘം തിങ്കളാഴ്ച തന്നെ അപകട സ്ഥലത്ത് എത്തി.
റീജിയണല്‍ ഫയര്‍ ഓഫീസര്‍ എ ആര്‍ അരുണ്‍കുമാര്‍ അഗ്നിസുരക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തില്‍ 35 സേനാംഗങ്ങള്‍ സജീവമായി പങ്കെടുത്തു. തിരുവനന്തപുരം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നിന്നായി 20 പേര്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ഭാഗമായിരുന്നു.
കോന്നി ഡിവൈഎസ്പി ജി അജയനാഥിന്റെ നേതൃത്വത്തില്‍ 35 പേരടങ്ങിയ പോലിസ് സംഘം സുരക്ഷയ്ക്കുണ്ടായി. റവന്യു, കെ.എസ്.ഇ.ബി, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സും സന്നിഹിതരായിരുന്നു.