ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി എസ് ബി കോളജിൽ ബിരുദദാന ചടങ്ങ് ജൂലൈ 10-ന് രാവിലെ 10 ന് നടക്കും. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. സി. ടി. അരവിന്ദകുമാർ മുഖ്യാതിഥിയായിരിക്കും.
ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പും കോളജിന്റെ രക്ഷാധികാരിയുമായ അഭിവന്ദ്യ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും.
കോളജ് മാനേജർ വെരി. റവ. ഫാ. ആന്റണി ഏത്തക്കാട്ട്, കോളജ് പ്രിൻസിപ്പൽ റവ. പ്രഫ ടെഡി കാഞ്ഞൂപ്പറമ്പിൽ വൈസ് പ്രിൻസിപ്പൽമാർ, വിവിധ വിഷയങ്ങളിലെ ഡീൻമാർ വകുപ്പുമേധാവികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
രാവിലെ 9.30 ന് ബിരുദം സ്വീകരിക്കുന്ന വിദ്യാർത്ഥികൾ അതിഥികൾക്കൊപ്പം ബിരുദദാന വസ്ത്രങ്ങളണിഞ്ഞ് കാവുകാട്ട് ഹാളിലേക്ക് പ്രവേശിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോളജ് പ്രിൻസിപ്പൽ റവ.പ്രഫ. ടെഡി കാഞ്ഞൂപ്പറമ്പിൽ സ്വാഗതവും, വൈസ് പ്രിൻസിപ്പൽ റവ. ഫാ. ജോസ് ജേക്കബ് മുല്ലക്കരി കൃതജ്ഞതയും രേഖപ്പെടുത്തും.
2025ലെ ‘ബെസ്റ്റ് ഔട്ട്‌ഗോയിംഗ് സ്റ്റുഡന്റ് – ലൂമിനറി അവാർഡ്’ നേടിയ കുമാരി അപർണ പി. മറുപടി പ്രസംഗം നടത്തും.
ചടങ്ങിന്റെ ഏകോപനം ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ ഡോ. ജെറിൻ ബി. സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള വിവിധ സബ് കമ്മിറ്റികൾ നിർവഹിക്കും.
ബിരുദംസ്വീകരിക്കുന്ന വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും ഉൾപ്പെടെ രണ്ടായിരത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുക്കും.
കോളജ് ഗ്രൗണ്ടും ഇൻഡോർ സ്റ്റേഡിയവും ഉൾപ്പെടെ വിപുലമായ പാർക്കിങ് ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 2025 അക്കാദമിക വർഷം വിജയകരമായി ബിരുദ -ബിരുദാനന്തര കോഴ്സുകൾ പൂർത്തിയാക്കിയവർക്കാണ് ബിരുദം നൽകുന്നത്. ചങ്ങനാശ്ശേരി എസ്.ബി കോളജിൽ നടക്കുന്ന രണ്ടാമത്തെ ബിരുദദാന ചടങ്ങാണ് ഇത്. ഹരിത ക്യാംപസ് എന്ന നിലയിൽ പൂർണ്ണമായും പ്ലാസ്റ്റിക്മുക്തമായാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.