മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് മനോരോഗമാണെന്ന് വിമർശിച്ച റഷ്യൻ മോഡലിന്റെ മൃതദേഹം കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തി. ഗ്രേറ്റ വെഡ്ലർ (23) എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരെ ഒരു വർഷമായി കാണാതായിരുന്നു.
ഗ്രേറ്റയുടെ മുൻകാമുകനായ കൊറോവിനാണ് കൊലയാളിയെന്ന് പൊലീസ് കണ്ടെത്തി. പണത്തെച്ചൊല്ലിയുള്ള തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് വിവരം. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലാണ് കൊല നടന്നത്. ഗ്രേറ്റയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതശരീരം മൂന്ന് ദിവസം മുറിക്കുള്ളിൽ സൂക്ഷിച്ചു. തുടർന്ന് ഒരു പെട്ടിക്കുള്ളിലാക്കി ലിപെറ്റ്സ്‌കിൽ എന്ന സ്ഥലത്തെത്തിച്ച് അവിടെ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡിക്കിയിൽ ഉപേക്ഷിച്ച് കൊറോവിൻ കടന്നുകളയുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു വർഷത്തോളം കാറിൽ തന്നെ കിടന്നിരുന്ന മൃതദേഹം കഴിഞ്ഞ ദിവസമാണ് കണ്ടെത്തിയത്. ഗ്രേറ്റയെ ഏറെ നാളായി കാണാതായപ്പോൾ സംശയം തോന്നിയ യുക്രെയിനിലെ സുഹൃത്ത് മോസ്‌കോയിൽ പരാതിപ്പെടുകയും ഇതെത്തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഗ്രേറ്റ പുടിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. പുടിന്റെ മാനസികനില തകരാറിലാണെന്ന് ഗ്രേറ്റ ആരോപിച്ചത് വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഗ്രേറ്റയെ കാണാതായതോടെ റഷ്യൻ സർക്കാരിനും പുടിനുമെതിരെ സംശയങ്ങളും ആരോപണങ്ങളും വ്യാപിച്ചിരുന്നു. എന്നാൽ പുടിനും റഷ്യൻ സർക്കാരിനും കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.