തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാൻ സ്ഥാനത്ത് തൽക്കാലം തുടരാൻ മിനി കാപ്പന് വി സിയുടെ നിർദ്ദേശം. തന്നെ രജിസ്ട്രാർ ഇൻ ചാർജ് സ്ഥാനത്തു നിന്ന് ഒഴിവാക്കണമെന്നായിരുന്നു മിനി കാപ്പന്റെ ആവശ്യം. പകരം ക്രമീകരണം ഒരുക്കാമെന്നും വൈസ് ചാൻസലർ മിനി കാപ്പന് ഉറപ്പ് നൽകി.
കേരള സർവകലാശാല രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പൻ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന് കഴിഞ്ഞദിവസം കത്തയച്ചിരുന്നു. പദവി ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചാണ് വി സിക്ക് കത്ത് നൽകിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദങ്ങൾക്ക് താൽപര്യമില്ലെന്നും മിനി കാപ്പൻ വി സിക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നു. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകി വി സി ഉത്തരവിറക്കിയിരുന്നു. പിന്നാലെ അച്ചടക്ക നടപടിയുണ്ടാകുമെന്നടക്കം സിൻഡിക്കേറ്റ് പ്രതികരിച്ചിരുന്നു.
എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന നിലപാടിലാണ് വി സി. സിൻഡിക്കേറ്റ് യോഗം വിളിക്കാനുള്ള അടിയന്തര സാഹചര്യമില്ലെന്നാണ് മോഹനൻ കുന്നുമ്മലിന്റെ നിലപാട്. മാത്രവുമല്ല, ചട്ടപ്രകാരമുള്ളത് പോലെ രണ്ടുമാസത്തിലൊരിക്കൽ യോഗം വിളിച്ചാൽ മതിയെന്നാണ് വി സി വ്യക്തമാക്കുന്നത്. തന്റെ വീട്ടിലേക്ക് മാർച്ച് നടന്നതിലും വി സിക്ക് അതൃപ്തിയുണ്ട്. തനിക്ക് അക്രമ ഭീഷണിയുണ്ടെന്നും സർവകലാശാല പ്രവർത്തനം നിയമപ്രകാരം എന്ന് ബോധ്യപ്പെട്ട ശേഷം മാത്രം സിൻഡിക്കേറ്റ് യോഗം എന്നുമാണ് വി സിയുടെ നിലപാട്.
വി സിയുടെ തുടരെയുള്ള നിർദേശങ്ങളെ തുടർന്ന് നാടകീയ സംഭവങ്ങളാണ് കേരള സർവകലാശാലയിൽ അരങ്ങേറുന്നത്. രജിസ്ട്രാറിന്റെ മുറിക്ക് പ്രത്യേക സംരക്ഷണം നൽകണമെന്ന ഉത്തരവും വി സി പുറത്തിറക്കിയിരുന്നു. അനധികൃതമായി ആരെയും മുറിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നായിരുന്നു നിർദേശം. എന്നാൽ, ഇതിനിടയിൽ രജിസ്ട്രാർ മുറിയിൽ അനിൽ കുമാറെത്തുകയും ജോലി തുടരുകയും ചെയ്തിരുന്നു.
രജിസ്ട്രാർ അനിൽ കുമാറിന് അനുകൂലമായ നിലപാട് കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വീകരിച്ചിരുന്നു. അനിൽ കുമാറിന് രജിസ്ട്രാർ സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. സസ്പെൻഷനെതിരെ അനിൽ കുമാർ നൽകിയ ഹർജി തീർപ്പാക്കിയായിരുന്നു ഹൈക്കോടതിയുടെ നടപടി.
സസ്പെൻഷൻ റദ്ദാക്കിയതിൽ എതിർപ്പുണ്ടെങ്കിൽ വൈസ് ചാൻസലർക്ക് ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ അനിൽ കുമാർ ജോലിക്ക് എത്തിയിരുന്നു. തന്റെ നിര്‍ദേശം മറികടന്ന് അനധികൃതമായാണ് കെ എസ് അനില്‍ കുമാര്‍ സര്‍വകലാശാലയില്‍ എത്തിയതെന്ന് ചൂണ്ടിക്കാട്ടി വി സി രാജ്ഭവന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.