കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്ത ഐഐഎമ്മിലെത്തിയ വിദ്യാർത്ഥിനി ആൺകുട്ടികളുടെ ഹോസ്റ്റലിൽ വച്ച് പീഡിപ്പിക്കപ്പെട്ടു. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പൊലീസ്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥിനികൾക്ക് നേരെ അക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന ആരോപണം രൂക്ഷമാവുന്നതിനിടയിലാണ് പുതിയ സംഭവം. വെള്ളിയാഴ്ചയാണ് കൊൽക്കത്ത ഐഐഎമ്മിലെ രണ്ടാം വർഷ വിദ്യാർത്ഥിയും കർണാടക സ്വദേശിയുമായ പരമാനന്ദ് ടോപ്പാനുവാർ അറസ്റ്റിലായത്.
സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇങ്ങനെയാണ്. മറ്റൊരു കോളേജിൽ നിന്നും ഐഐഎമ്മിൽ കൗൺസിലിംഗിന് എത്തിയ വിദ്യാർത്ഥിനിയേയാണ് പരമാനന്ദ് പീഡിപ്പിച്ചത്.ഐഐഎമ്മിലെത്തിയപ്പോൾ പരിചയപ്പെട്ട യുവാവ് വിദ്യാർത്ഥിനിയെ ബോയ്സ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. വിസിറ്റേഴ്സ് ബുക്കിൽ പേരെഴുതാതെ അകത്തേക്ക് കൂട്ടിക്കൊണ്ട് പോയത് സംശയം ജനിപ്പിച്ചുവെന്നും എന്നാൽ അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിക്കാമെന്ന പേരിലായിരുന്നു വിദ്യാർത്ഥിനിയെ യുവാവ് ഹോസ്റ്റലിനുള്ളിലെത്തിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹോസ്റ്റലിനുള്ളിൽ വച്ച് ഭക്ഷണം കഴിച്ചോയെന്ന് തിരക്കിയ ശേഷം പിസയും വെള്ളവും നൽകി. ഭക്ഷണം കഴിച്ചതോടെ മയങ്ങി വീണ വിദ്യാർത്ഥിനിയെ പരമാനന്ദ് പീഡിപ്പിച്ചുവെന്നാണ് പരാതി. ബോധം വന്നപ്പോൾ ഹോസ്റ്റൽ മുറിയിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനി സുഹൃത്തിനോട് വിവരം അറിയിക്കുകയായിരുന്നു. ബലാത്സംഗത്തിനും വിഷം നൽകി ആക്രമിച്ചതിനുമാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ 4 പേർക്ക് കൂടി പങ്കുള്ളതായാണ് പൊലീസ് വിശദമാക്കുന്നത്. സുരക്ഷാ ജീവനക്കാരനേയും പൊലീസ് ചോദ്യം ചെയ്യുകയാണ്. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഹോസ്റ്റലിൽ നിന്ന് ഫോറൻസിക് സംഘം തെളിലുകൾ ശേഖരിച്ചിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊൽക്കത്തയിലെ ലോ കോളേജിൽ വച്ച് വിദ്യാർത്ഥിനിയെ വിദ്യാർത്ഥി രാഷ്ട്രീയ സംഘടനാ നേതാവ് കൂടിയായ യുവാവും മറ്റ് രണ്ട് പേരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. ഈ കേസിൽ അന്വേഷണം തുടരുന്നതിനിടയിലാണ് പുതിയ കേസ്.