പത്തനംതിട്ട :
കെട്ടുറുപ്പുള്ള വീടിൻ്റെ സുരക്ഷിതത്വ ത്തിലേക്ക് ജ്യോതിയെയും കുടുംബത്തേയും കൈപിടിച്ചുകയറ്റി ജില്ലാ കലക്ടർ എസ്. പ്രേം ക്യഷ്ണൻ. തുമ്പമൺ ഗ്രാമപഞ്ചായത്തിൽ മുട്ടം കോളനി സ്വദേശി 44 കാരി ജ്യോതി സെറിബ്രൽ പാർസി ബാധിതയാണ്. ജ്യോതിക്ക് സുരക്ഷിത ഭവനം ഒരുക്കിയ ജില്ലാ കലക്ടർ വീടിന്റെ താക്കോൽ ദാനവും നിർവഹിച്ചു.
ഏത് സമയത്തും ഇടിഞ്ഞു വീഴാറായ നിലയിലായിരുന്നു ജ്യോതിയുടെ വീട്. ഭൂമി സംബന്ധമായ പ്രശ്നം മൂലം ലൈഫ് പദ്ധതിയിൽ ഉൾപെടുത്താനുമായില്ല.
ജ്യോതിയുടെ അവസ്ഥയെ പറ്റി അറിഞ്ഞ
ജില്ലാ കലക്ടർ നേരിട്ട് സ്ഥലത്തെത്തി സുരക്ഷിത രീതിയിൽ വീട് നവീകരിക്കാനുള്ള നടപടി സ്വീകരിച്ചു.
ജില്ലാ കലക്ടർ മുൻകൈയെടുത്ത് ഫിലാഡെൽഫിയ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയും അവരുടെ യുവജന സംഘടനയും ചേർന്ന് ജ്യോതിക്ക് വീട് പുതുക്കി നിർമിച്ചു നൽകി. രണ്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചു.
നാഷണൽ ട്രസ്റ്റിലെ അംഗമായ ജ്യോതിയുടെ രക്ഷാകർതൃത്വം സഹോദരി ഗിരിജയ്ക്കാണ്. 2019ൽ അമ്മ മരണപെട്ട ശേഷം ജ്യോതി സഹോദരിയുടെ സംരക്ഷണയിലാണ്. സാമ്പത്തികമായി കഷ്ടപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണി ഗിരിജയാണ്. തൊഴിലുറപ്പാണ് ഉപജീവനമാർഗം. ചടങ്ങിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ ജെ ഷംല ബീഗം, തുമ്പമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, നാഷണൽ ട്രസ്റ്റ് ജില്ലാ സമിതി കണ്‍വീനര്‍ കെ പി രമേശ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.