സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്; ഇന്ന് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കനത്ത മഴ അടുത്ത രണ്ടു ദിവസം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും റെഡ് അലർട്ടാണ്. കനത്ത മഴ മുന്നറിയിപ്പിനെ തുടർന്ന് ഈ മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. തെക്കു കിഴക്കൻ ഉത്തർപ്രദേശിനു മുകളിൽ തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്.

Advertisements

അടുത്ത രണ്ട് ദിവസം വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ അതീവ ജാഗ്രത വേണം. റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മലയോര മേഖലകളിൽ കനത്ത ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വയനാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷണൽ കോളജുകൾക്കും, മതപഠന സ്ഥാപനങ്ങൾക്കും അംഗൻവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രഫഷനൽ കോളജുകൾ, സ്കൂളുകൾ, കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്റസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമാണ്. അതേസമയം, പ്രഫഷനൽ, സർവകലാശാല, മറ്റ് വകുപ്പ് പരീക്ഷകൾ എന്നിവയുൾപ്പെടെ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷയുടെ സമയത്തിലും മാറ്റമുണ്ടാകില്ല.

റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻററുകൾ എന്നിവക്കാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചത്.

Hot Topics

Related Articles