വാഷിങ്ടണ്‍: യുഎസ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് 2003-ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന അശ്ലീല ഉള്ളടക്കമുള്ള കത്തിനെച്ചൊല്ലി വിവാദം.വ്യാഴാഴ്ച ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ട മാധ്യമസ്ഥാപനമായ വാള്‍സ്ട്രീറ്റ് ജേണലിനെതിരേ ട്രംപ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തു. എപ്സ്റ്റീന് ജന്മദിനാശംസ നേർന്ന് ട്രംപ് അയച്ച കത്തില്‍, കറുത്ത മാർക്കർ കൊണ്ട് ഒരു സ്ത്രീയുടെ നഗ്നചിത്രം വരച്ചിരുന്നതായാണ് വാള്‍സ്ട്രീറ്റ് ജേണലിലെ ലേഖനത്തില്‍ പറയുന്നത്.
സംഭവത്തില്‍, സ്ഥാപനത്തിനും ഉടമ റുപ്പർട്ട് മർഡോക്കിനും രണ്ട് റിപ്പോർട്ടർമാർക്കുമെതിരേയാണ് ട്രംപ് മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തത്. ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഈ ലേഖനം വാള്‍സ്ട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ചത്. പിന്നാലെ ട്രംപിനുനേരെ വലിയ അധിക്ഷേപങ്ങളുയർന്നു. ലേഖനം വ്യാജമാണെന്നും പ്രസിദ്ധീകരിക്കരുതെന്നും ട്രംപ് മർഡോക്കിനെ താക്കീത് ചെയ്തിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാല്‍, സ്ഥാപനം അത് അവഗണിച്ച് പ്രസിദ്ധീകരിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലേഖനത്തിലെ ഉള്ളടക്കം
ജെഫ്രി എപ്സ്റ്റീന് 50-ാം പിറന്നാള്‍ ആശംസിച്ച് 2003-ല്‍ ട്രംപ് അയച്ചതെന്ന് ആരോപിക്കപ്പെടുന്ന കത്തിലെ വിശദാംശങ്ങളാണ് ലേഖനത്തിലുള്ളത്. തുകല്‍ കൊണ്ട് പൊതിഞ്ഞ ജന്മദിന ആല്‍ബം പരിശോധിച്ചതില്‍നിന്നാണ് ഇത് കണ്ടെത്തിയതെന്ന് ലേഖനത്തില്‍ പറയുന്നു. എപ്സ്റ്റീന്റെ കൂട്ടുപ്രതിയായ ഗിസ്ലൈൻ മാക്സ്വെല്‍ ആണ് ഈ ആല്‍ബം തയ്യാറാക്കിയത്. അതില്‍ എപ്സ്റ്റീന്റെ പ്രമുഖ സുഹൃത്തുക്കളയച്ച കത്തുകളുടെ ശേഖരത്തിലാണ് ട്രംപിന്റെയും കത്തുള്ളതായതി പറയപ്പെടുന്നത്.
കറുത്ത മാർക്കർ കൊണ്ട് നഗ്നയായ ഒരു സ്ത്രീയുടെ രൂപരേഖ വരച്ച് അതിനകത്ത് ജന്മദിനാശംസ നേർന്നുകൊണ്ട് വരികള്‍ കുറിച്ചിടുകയായിരുന്നു. ട്രംപും എപ്സ്റ്റീനും തമ്മിലുള്ള സംഭാഷണ ശകലമാണ് വരികള്‍. മൂന്നാമതൊരാള്‍ എഴുതുന്ന വിധത്തിലാണ് ഈ കുറിപ്പ്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളെ സൂചിപ്പിക്കുന്ന വിധത്തിലാണ് കത്തിലെ വരികള്‍ ക്രമീകരിച്ചിരിക്കുന്നത്. സ്വകാര്യഭാഗത്തെ അനുകരിക്കുന്ന വിധത്തില്‍ ‘ഡൊണാള്‍ഡ്’ എന്ന് കുത്തിവരച്ചുകൊണ്ടുള്ള ഒരു ഒപ്പും കത്തിലുണ്ട്. ‘ജന്മദിനാശംസകള്‍, ഓരോ ദിവസവും മറ്റൊരു അദ്ഭുതമായിരിക്കട്ടെ’ എന്ന വരിയോടുകൂടിയാണ് കത്ത് അവസാനിക്കുന്നത്.
ലേഖനം വ്യാജവും ദുരുദ്ദേശ്യപരവും അപകീർത്തികരവുമാണെന്നാണ് ട്രംപ് ഫയല്‍ ചെയ്ത മാനനഷ്ടക്കേസില്‍ പറയുന്നത്. രാഷ്ട്രീയപ്രേരിതമായ ആക്രമണമാണിതെന്ന് ട്രംപിന്റെ നിയമസംഘവും വ്യക്തമാക്കുന്നു. ജേണലിന് എങ്ങനെയാണ് ഇത്തരത്തിലൊരു കത്ത് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നും പ്രതിഷേധക്കാർ പറയുന്നു.
ആരാണ് ജെഫ്രി എപ്സ്റ്റീൻ
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടുത്തി ലൈംഗിക വ്യാപാര ശൃംഖല നടത്തിയെന്ന കുറ്റത്തിന് 2019-ല്‍ അറസ്റ്റിലായ നധകാര്യ വിദഗ്ധനും ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീൻ. ട്രംപ്, മുൻ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ ആൻഡ്രൂ രാജകുമാരൻ തുടങ്ങി ഒട്ടേറെ പ്രമുഖരുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. കേസില്‍ വിചാരണ കാത്ത് ന്യൂയോർക്കിലെ ജയിലില്‍ കഴിയവെയാണ് മരണം. ആത്മഹത്യയാണെന്നാണ് പറയപ്പെടുന്നതെങ്കിലും ഇപ്പോഴും ദുരൂഹത തുടരുന്നു. അന്നുമുതല്‍ പലപ്പോഴും യുഎസില്‍ ഈ മരണം പലതരത്തിലുള്ള വിവാദങ്ങള്‍ക്ക് കാരണമാവാറുണ്ട്.
കേസില്‍ കൂടുതല്‍ പേരുകള്‍ പുറത്തുപറയാതിരിക്കാൻ അദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്നാണ് ചില ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നത്. എപ്സ്റ്റീൻ ഒരു വൻ പീഡോഫൈല്‍ ശൃംഖലയുടെ ഭാഗമായിരുന്നുവെന്ന് ട്രംപിന്റെ അനുയായികളും വിശ്വസിക്കുന്നു. എപ്സ്റ്റീന് ലഭിച്ച കത്തുകള്‍, സന്ദർശിച്ച ആളുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വീണ്ടും പുറത്തുവരുമ്ബോള്‍ ഈ വിവാദം വീണ്ടും സജീവമാവുകയാണ്.