എം വി ഡി ഓഫിസുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധ : ഓപ്പറേഷൻ ക്ലീൻ വീല്‍സിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ അഴിമതി : കൈക്കൂലി ഗൂഗിൾ പേ വഴി

തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളില്‍ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ക്ലീൻ വീല്‍സ് മിന്നല്‍ പരിശോധനയിലൂടെ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്.ഇന്നലെ വൈകിട്ട് മുതല്‍ സംസ്ഥാനത്തെ 81 മോട്ടോർ വാഹന ഓഫീസുകളിലാണ് ഒരേ സമയം പരിശോധന നടത്തിയത്. 11 ഏജന്റുമാരില്‍ നിന്നായി പരിശോധനക്കിടെ 1,40,1760 രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. 21 എംവിഡി ഉദ്യോഗസ്ഥർ ഗൂഗിള്‍ പേ വഴി മാത്രം 7 ലക്ഷത്തിലധികം രൂപ കൈക്കൂലി വാങ്ങിയതായും വിജിലൻസ് കണ്ടെത്തി.

Advertisements

മോട്ടോർ വാഹന വകുപ്പ് ഓഫീസുകളില്‍ ഒരേ സമയം നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിനും വാഹനങ്ങളുടെ രജിസ്ട്രേഷൻ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും ഏജന്റുമാർ മുഖേന വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ ക്ലീൻ വീല്‍സ് എന്ന പേരില്‍ പരിശോധന നടത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡ്രൈവിംഗ് ടെസ്റ്റുകള്‍ പാസാക്കുന്നതിനും മറ്റ് സേവനങ്ങള്‍ക്കുമായി അപേക്ഷകരില്‍ നിന്ന് ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ഏജന്റുമാരും പണം വാങ്ങി മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നല്‍കുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനും ഈ രീതിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ട്. പല ഓഫീസുകളിലും ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ ബന്ധം നിലനിന്നിരുന്നതായും പരിശോധനയില്‍ വ്യക്തമായി.

മൊബൈല്‍ ഫോണിലെ ഡിജിറ്റല്‍ ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് 21 ഉദ്യോഗസ്ഥർ ഗൂഗിള്‍ പേ വഴി വലിയ തുകകള്‍ കൈപ്പറ്റിയതായി കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വിജിലൻസ് വൃത്തങ്ങള്‍ അറിയിച്ചു. മോട്ടോർ വാഹന വകുപ്പിലെ അഴിമതി തുടച്ചുനീക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകള്‍ തുടരും.

Hot Topics

Related Articles