അഹമ്മദാബാദ് വിമാനദുരന്തം: യുഎസ് മാധ്യമ റിപ്പോർട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ വിമാനത്തിലെ ക്യാപ്റ്റനെ കുറ്റപ്പെടുത്തിയുള്ള യുഎസ് മാധ്യമ റിപ്പോർട്ടുകള്‍ തള്ളി കേന്ദ്ര വ്യോമയാന മന്ത്രി റാംമോഹൻ നായിഡു.ഇത്തരം ലേഖനങ്ങള്‍ക്ക് പ്രസിദ്ധീകരിക്കുന്നതില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടാകാമെന്നും കേന്ദ്ര ഏജൻസിയായ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി)യിലാണ് താൻ വിശ്വാസമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തിമറിപ്പോർട്ട് പുറത്തുവരുന്നതിന് മുൻപ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെയും മന്ത്രി വിമർശിച്ചു.

Advertisements

എഎഐബി എല്ലാവരോടും, പ്രത്യേകിച്ച്‌ പാശ്ചാത്യമാധ്യമങ്ങളോടും അഭ്യർഥന നടത്തിയിട്ടുണ്ട്. അവർ പ്രസിദ്ധീകരിക്കാൻ ശ്രമിക്കുന്ന ലേഖനങ്ങളില്‍ സ്ഥാപിത താത്പര്യങ്ങളുണ്ടാകാം. ഞാൻ എഎഐബിയില്‍ വിശ്വസിക്കുന്നു. ബ്ലാക് ബോക്സ് ഇന്ത്യയില്‍തന്നെ ഡീകോഡ് ചെയ്യുന്നതില്‍ അവർ മഅദ്ഭുതകരമായരീതിയിലാണ് പ്രവർത്തിച്ചത്. അന്തിമറിപ്പോർട്ട് പുറത്തുവരുന്നതുവരെ എന്തെങ്കിലും അഭിപ്രായം പറയുന്നത് നല്ലതല്ല. ഈ സമയത്ത് നിഗമനത്തില്‍ എത്തുന്നതില്‍ അർഥമില്ല. അന്തിമറിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തിരിക്കണമെന്നും മന്ത്രി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാഥമിക റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അവർക്ക് സമയം ആവശ്യമാണ്. നിരവധി ഡാറ്റകള്‍ സ്ഥിരീകരിക്കേണ്ടതുണ്ട്. അതിനാല്‍ അവർക്ക് സമയം നല്‍കണം. നേരത്തെ ഡാറ്റകള്‍ക്കായി ബ്ലാക്ക് ബോക്സ് വിദേശത്തേക്ക് അയക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ ആദ്യമായി ഇന്ത്യയില്‍വെച്ച്‌ തന്നെ ഡാറ്റ ഡീകോഡ് ചെയ്തിരിക്കുകയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

അഹമ്മദാബാദ് വിമാനദുരന്തത്തിന് കാരണം ക്യാപ്റ്റൻ ഇന്ധനനിയന്ത്രണസ്വിച്ച്‌ ഓഫാക്കിയതാണെന്ന് യുഎസ് മാധ്യമമായ വോള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോർട്ട് ചെയ്തിരുന്നത്. കോക്പിറ്റ് വോയ്സ് റെക്കോർഡറില്‍നിന്ന് ലഭിച്ച ശബ്ദരേഖപ്രകാരം എൻജിനിലേക്ക് ഇന്ധനമെത്തുന്ന സ്വിച്ചുകള്‍ ഓഫാക്കിയത് ക്യാപ്റ്റനാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

അപകടത്തില്‍പ്പെട്ട ബോയിങ് 787-8 ഡ്രീംലൈനർ വിമാനം പറത്തിയ ഫസ്റ്റ് ഓഫീസർ ടേക്ക് ഓഫിനുപിന്നാലെ സ്വിച്ചുകള്‍ എന്തിനാണ് ഓഫാക്കിയതെന്ന് ക്യാപ്റ്റനോട് ചോദിക്കുന്നതിന്റെ റെക്കോർഡുകളാണ് പുറത്തുവന്നതെന്നും വാർത്തയില്‍ പറഞ്ഞിരുന്നു. ഫസ്റ്റ് ഓഫീസർ ആദ്യം ആശ്ചര്യവും പിന്നീട് ഭയവും പ്രകടിപ്പിക്കുമ്ബോള്‍ ക്യാപ്റ്റൻ ശാന്തനായി തുടർന്നെന്നാണ് ശബ്ദരേഖയില്‍നിന്ന് വ്യക്തമാകുന്നതെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു

എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം അഹമ്മദാബാദില്‍ തകർന്നുവീഴുന്നതിന് തൊട്ടുമുൻപ് കോക്പിറ്റില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ ബ്ലാക്ബോക്സ് പരിശോധനയിലൂടെ നേരത്തേ ലഭ്യമായിരുന്നു. എൻജിനിലേക്കുള്ള ഇന്ധന സ്വിച്ച്‌ ഓഫായത് സംബന്ധിച്ച്‌ പൈലറ്റുമാർ തമ്മില്‍ നടത്തിയ സംഭാഷണമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. എന്തിനാണ് ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് സഹപൈലറ്റിനോട് ചോദിക്കുന്നതും താൻ ചെയ്തിട്ടില്ലെന്ന് മറ്റേയാള്‍ മറുപടി നല്‍കുന്നതുമാണ് ശബ്ദരേഖയിലുണ്ടായിരുന്നത്. ഇത് ആര് ആരോട് പറഞ്ഞു എന്നതുസംബന്ധിച്ച്‌ നേരത്തേ പുറത്തുവന്ന പ്രാഥമികാന്വേഷണ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദർ ക്യാപ്റ്റനായ സുമീത് സഭർവാളിനോടാണ് എന്തിനാണ് ഫ്യുവല്‍സ്വിച്ചുകള്‍ കട്ട് ഓഫ് ചെയ്തതെന്ന ചോദ്യം ചോദിച്ചതെന്നാണ് വോള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ടിലുള്ളത്.

Hot Topics

Related Articles