കണ്ണൂര്: വി.എസ് അച്യുതാനന്ദന് വിടപറയുമ്ബോള് അസ്തമിക്കുന്നത് കണ്ണൂര് ലോബി എന്ന രാഷ്ട്രീയ സംജ്ഞ കൂടിയാണ്. പാര്ട്ടിക്കുമേല് വ്യക്തി വളരുന്നു എന്നതിന്റെ പേരിലായിരുന്നു കാലങ്ങളായി സി.പി.എം കണ്ണൂര് നേതൃത്വവും വി.എസുമായി നടന്ന ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരുകൾ.
എന്നാല് പൂര്ണമായും കണ്ണൂര് നേതൃത്വം വി.എസ് വിരുദ്ധപക്ഷത്തുമായിരുന്നില്ല. 2011ല് വി.എസിന് നിയമസഭാ സീറ്റ് നിഷേധിക്കുന്ന ഘട്ടമെത്തിയപ്പോള് സി.പി.എം കണ്ണൂര് ജില്ലാ കമ്മിറ്റിയിലെ പകുതിയോളം പേര് പി.ബിക്ക് കത്തയച്ചതു മറന്നുകൂടാ. ജില്ലാ കമ്മിറ്റിയിലെ വനിതാപ്രതിനിധികളായിരുന്നു വി.എസിനു വേണ്ടി വാശിയോടെ നിലകൊണ്ടത്.
സി.കെ.പി പത്മാനഭന്, ജെയിംസ് മാത്യു തുടങ്ങിയവരൊക്കെ അന്ന് വി.എസിനു പിന്നില് അടിയുറച്ചു നിന്നു. ഒരു ഘട്ടത്തില് പി.കെ ശ്രീമതിയെയും കെ.കെ ശൈലജയേയും പോലുള്ളവരും വി.എസ്പക്ഷ ലേബല് ചാര്ത്തപ്പെട്ടവരായിരുന്നു. എന്നാല് ഒപ്പമുള്ളവരെ കൂടെനിര്ത്താനോ ആള്ബലം കൂട്ടാനോ വി.എസ് കാര്യമായൊന്നും ചെയ്തില്ലെന്നത് യാഥാര്ഥ്യം. യുദ്ധം നയിക്കുമ്ബോള് പുറകില്നിന്ന് കാലാള് വീഴുന്നതു നോക്കിനിന്നാല് ആ യുദ്ധം തന്നെ തോല്ക്കും എന്നതായിരുന്നു വി.എസിന് അതിനുള്ള ന്യായം. ഇതൊരു പോരാട്ടമാണ്. എനിക്കൊപ്പമുള്ളവര് വീഴുന്നതിലല്ല, ഞാന് വീഴുന്നതുവരെ പൊരുതുക എന്നതാണ് യുദ്ധതന്ത്രം എന്നും വി.എസ് വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബെര്ലിന് കുഞ്ഞനന്തന്നായര് വീട്ടിലേക്ക് വി.എസിനെ വിരുന്നിന് ക്ഷണിച്ചിരുന്നു. പാര്ട്ടി വിലക്കിയതോടെ വിരുന്നുപേക്ഷിച്ചെങ്കിലും കുഞ്ഞനന്തന് നായരെ കാണാന് വി.എസ് കണ്ണൂര് നാറാത്തെ വീട്ടിലെത്തി ഇളനീര് കുടിക്കുന്നുണ്ട്. ഇളനീര് കുടിക്കുന്നതിന് വിലക്കില്ലല്ലോ എന്നായിരുന്നു അന്ന് വി.എസിന്റെ പ്രതികരണം. പാര്ട്ടിയുടെ വിലക്കുകളെ പ്രതിരോധിക്കാന് പലപ്പോഴും വി.എസ് കണ്ണൂര് പോലുള്ള തട്ടകം ഉപയോഗപ്പെടുത്തി എന്നതും മറന്നുകൂടാ.
2016ല് ഒന്നാം പിണറായി സര്ക്കാര് അധികാരത്തിലേറുന്നതുതന്നെ വി.എസിനെ മുന്നില് നിര്ത്തിയായിരുന്നു. വി.എസിന്റെ 2016ലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണവും മട്ടന്നൂരിലെ സി.പി.എം സ്ഥാനാര്ഥി ഇ.പി.ജയരാജന് വേണ്ടിയായിരുന്നു. 2021ലെ തെരഞ്ഞെടുപ്പില് ഒരിടത്തുപോലും വി.എസിന്റെ ഫല്്സോ പോസ്റ്ററോ വരാതിരിക്കാനും സി.പി.എം ഔദ്യോഗിക പക്ഷം ശ്രദ്ധിച്ചിരുന്നു.
ഒന്നാം പിണറായി സര്ക്കാര് അധികാരമേറ്റതു മുതലാണ് വി.എസ് അച്യുതാനന്ദന് നിശബ്ദനാക്കപ്പെട്ടു തുടങ്ങുന്നത്. ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് പദവിതന്നെ വി.എസിനുള്ള കൂച്ചുവിലങ്ങായിരുന്നു. കാബിനറ്റ് പദവിയായിരുന്നെങ്കിലും അദ്ദേഹത്തിന് കാര്യമായി ഒന്നുംചെയ്യാന് കഴിഞ്ഞില്ല. മകന് അരുണ്കുമാര് അടക്കമുള്ളവരുടെ നിര്ബന്ധത്തിനു വഴങ്ങിയാണ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കാന് വി.എസ് മനസില്ലാമനസേടെ തയാറായത്. വി.എസ് എന്ന രാഷ്ട്രീയ അതികായന് പതുക്കെപ്പതുക്കെ നിശബ്ദനാക്കപ്പെടുന്നതും ഭരണപരിഷ്കാര കമ്മിഷന് കസേരയിലിരുത്തപ്പെട്ടതോടെയാണ്. കണ്ണൂര് ലോബിയാണ് അതിനു കരുക്കള് നീക്കിയത് എന്നതും ശ്രദ്ധേയം.
വി.എസ്- പിണറായി പോര് പരകോടിയിലെത്തിയ സമയത്ത് കണ്ണൂരില്നിന്ന് വി.എസിന് ഒരു കത്ത് കിട്ടി. പേരും വിലാസവുമൊക്കെ രേഖപ്പെടുത്തി കണ്ണൂര് ദേശാഭിമാനിയിലെ ഒരു ജീവനക്കാരനായിരുന്നു കത്തയച്ചത്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് കണ്ണൂരില് കാലുകുത്തരുതെന്നായിരുന്നു കത്തിലെ ഉള്ളടക്കം. താങ്കളുടെ പ്രസംഗം അത്രമേല് അരോജകമാണെന്നും, ലഭിക്കാന് സാധ്യതയുള്ള വോട്ടുകള് പോലും ഇല്ലാതാക്കരുതെന്നും പിണറായി ഭക്തനായ ജീവനക്കാര് കുറിച്ചു.
മേല്വിലാസമുള്ളതിനാല് അന്നുതന്നെ വി.എസ് കണ്ണൂരിലെ സഖാവിന് മറുപടി എഴുതി. താന് സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗമെന്നതിനൊപ്പം അച്ചടക്കമുള്ള പാര്ട്ടി പ്രവര്ത്തകന് കൂടിയാണെന്ന് ഓര്മിപ്പിച്ച വി.എസ്, പാര്ട്ടി പറഞ്ഞാല് കണ്ണൂരിലെ ഏത് മൂലയിലും പ്രചാരണത്തിനെത്തുമെന്നും കുറിച്ചു. തന്റെ പ്രസംഗശൈലി അത്ര മികച്ചതല്ലെന്ന് ബോധ്യമുണ്ടെങ്കിലും തല്ക്കാലം ആ ശൈലി മാറ്റാന് ഉദ്ദേശ്യമില്ലെന്നും വി.എസ് മറുപടിയെഴുതി. അരോചകമെന്ന് തോന്നുന്നുവെങ്കില് സഖാവ് തന്റെ പ്രസംഗം നടക്കുന്നിടത്തേക്ക് വരാതിരിക്കുന്നതാണ് യുക്തം എന്നുകൂടി എഴുതിയാണ് വി.എസ് കത്ത് അവസാനിപ്പിച്ചത്. എന്നാല് 2011ലെയും 2016ലെയും തെരഞ്ഞെടുപ്പുകാലങ്ങളില് വി.എസ് കണ്ണൂരില് പ്രചാരണത്തിനെത്തിയപ്പോള് അഭൂതപൂര്വമായ ആള്ക്കൂട്ടമായിരുന്നു മിക്കയിടത്തും.