ഗാസ : ഇസ്രയേല്‍ ആക്രമണത്തില്‍ തകർന്ന ഗാസയില്‍ ഭക്ഷണം കിട്ടാതെ നാല് വയസുകാരി മരിച്ചു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം ഗുരുതരാവസ്ഥയിലായ റസാൻ അബു സഹർ എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്.മധ്യ ഗാസയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ദാരുണാന്ത്യം സംഭവിച്ചത്. എല്ലും തോലുമായ കുട്ടിയുടെ മൃതദേഹവും ചുമന്ന് നില്‍ക്കുന്ന രക്ഷിതാവിന്‍റെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. 2023ല്‍ ഇസ്രയേല്‍ ഗാസയില്‍ സംഘർഷം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 76 കുട്ടികളെങ്കിലും പോഷകാഹാരക്കുറവ് മൂലം മരിച്ചിട്ടുണ്ട്.
ഗാസയില്‍ ഭക്ഷണവും പ്രോട്ടീനും ലഭിക്കാതെ നൂറുകണക്കിന് രോഗികള്‍ പട്ടിണികൊണ്ട് ഉടൻ മരിക്കുന്ന സാഹചര്യം ആണെന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്. 60,000 പേർ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറിക്കയ പ്രസ്താവനയില്‍ പറയുന്നു. സഹായവിതരണം ശരിയാംവിധം നടക്കാത്തതിനെത്തുടർന്ന് ഭക്ഷ്യക്ഷാമം രൂക്ഷമായ മുനമ്ബില്‍ ക്ഷീണവും തലകറക്കവുകൊണ്ട് അവശരായ രോഗികളാല്‍ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോഷകാഹാരക്കുറവ് മൂലം കുട്ടികളെ കൂടാതെ പത്ത് മുതിർന്നവരും മരിച്ചുവെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മാർച്ച് തുടക്കത്തില്‍ ഇസ്രായേല്‍ അധികൃതർ ഉപരോധം ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവയില്‍ ഭൂരിഭാഗവും സംഭവിച്ചത്. അതിനിടെ ഗാസയിലെ സഹായവിതരണ കേന്ദ്രങ്ങളില്‍ ഇസ്രയേലി സൈന്യത്തിന്റെ കൂട്ടക്കൊല തുടരുകയാണ്. ഭക്ഷണം തേടിയെത്തിയ 90 പലസ്‌തീൻകാരെ ഞായറാഴ്‌ച വിവിധ കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തി. ഇസ്രയേലുമായുള്ള സികിം ക്രോസിങ്ങിലൂടെ വടക്കൻ ഗാസയിലെ സഹായകേന്ദ്രത്തിലേക്ക് എത്താൻ ശ്രമിക്കുന്നതിനിടെയാണ് 90 പേരെ സൈന്യം വെടിവെച്ച് കൊന്നത്.